ഗാസ: ഹമാസ്-ഇസ്രയേൽ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ യുദ്ധമേഖലയിൽനിന്ന് ആശ്വാസവാർത്ത. ഹമാസ് ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയെയും മകളെയും വിട്ടയച്ചു.
കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ മധ്യസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഹമാസ് അറിയിച്ചു. അതേസമയം, യുദ്ധക്കെടുതികളിൽ ഉഴലുന്ന ഗാസയിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സഹായം എത്തുമെന്നും ഉറപ്പായി.
59കാരി ജൂഡിത്ത് റാനന്‍, 18കാരി മകള്‍ നേറ്റലി റാനന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഗാസയിലെ റെഡ് ക്രോസ് സംഘത്തിന് ഹമാസ് ഇവരെ കൈമാറുകയായിരുന്നു.
പിന്നീടിവരെ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ എത്തിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചനതീരുമാനം.
ഇരുവരെയും മോചിപ്പിച്ച വിവരം അമേരിക്കയും സ്ഥിരീകരിച്ചു. രണ്ട് അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സന്തോഷം പ്രകടിപ്പിച്ചു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുശേഷം ഹമാസ് തടവിലാക്കിയവരിൽപ്പെട്ടവരാണ് ഇരുവരും. ബന്ദികളാക്കിയ 200ഓളം പേർ ഇനിയുമുണ്ട്.
ഇവരിൽ ഏറെപ്പേരും ജീവനോടെയുണ്ടെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. 20 ലധികം ബന്ദികൾ പ്രായപൂർത്തിയാകാത്തവരാണെന്നും 60 വയസിനു മുകളിലുള്ളവരും ഹമാസിന്റെ പിടിയിലുണ്ടെന്നും സൈന്യം അറിയിച്ചു.
ഗാസയിലേക്ക് സഹായവുമായി വരുന്ന ആദ്യ ട്രക്കുകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എത്തുമെന്ന് ജോ ബൈഡൻ ആണ് അറിയിച്ചത്. ഈജിപ്തിൽനിന്നു റഫ ബോർഡറിലൂടെ വാഹനങ്ങൾ ഗാസയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലേക്ക് സഹായം എത്തിക്കാൻ സഹായ ഇടനാഴി തുറക്കണമെന്ന് ഇസ്രയേലിനോട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർഥിച്ചിരുന്നു.
അതേസമയം, ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതായി പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
400ഓളം ഗുരുതര രോഗികളും അഭയം തേടിയെത്തിയ 12,000 സാധാരണക്കാരും നിലവില്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അല്‍ അഹ് ലി ആശുപത്രിയില്‍ സംഭവിച്ചത് പോലൊരു കൂട്ടക്കൊല തടയാന്‍ ഉടനടി അടിയന്തര നടപടി സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും റെഡ് ക്രസന്റ് പറഞ്ഞു.
കഴിഞ്ഞദിവസം ഗാസയിലെ ക്രൈസ്തവ ദേവാലയത്തിനുനേരെയും ജനവാസ കേന്ദ്രങ്ങള്‍ക്കുനേരെയും നടന്ന ബോംബാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു.
ഗാസയിലെ നൂറിലധികം ഭീകരകേന്ദ്രങ്ങളിൽ ഒറ്റരാത്രികൊണ്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ഒക്ടോബർ ഏഴിന് ജൂത സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് ഭീകരരിൽ ഒരു മുതിർന്ന നേതാവ് കൊല്ലപ്പെട്ടുവെന്നും പ്രതിരോധ സേന അറിയിച്ചു.