കഴിഞ്ഞ ദിവസം സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ വ്യത്യസ്തമായൊരു മത്സരം നടന്നു. മത്സരത്തിൽ പങ്കെടുക്കാനെത്തിയത് വിദഗ്ധരായ ശിൽപ്പികളായിരുന്നു. ശിൽപ്പങ്ങൾ നിർമിക്കുന്നതായിരുന്നു മത്സരം.
പക്ഷെ അതിന് ഉപയോഗിക്കാൻ കഴിയുന്ന വസ്തു കല്ലുകൾ മാത്രമാണ്. വെറുതെ നിലത്തുകിടക്കുന്ന കല്ലുകൾ പെറുക്കിക്കൂട്ടിവച്ച് ശിൽപ്പങ്ങൾ ഉണ്ടാക്കണം. യാതൊരുവിധ ആയുധങ്ങളും ഉപയോഗിക്കാനും പാടില്ല. മത്സരത്തിനെത്തിയ 30 പേരും മനോഹരമായ ശിൽപ്പങ്ങൾതന്നെ കല്ലുകൾ പെറുക്കിക്കൂട്ടിവച്ച് ഉണ്ടാക്കി.
ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നും അമേരിക്ക,സ്പെയിൻ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നുമുള്ളവർ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എഡിൻബർഗിനു സമീപത്തെ ഒരു ബീച്ചിന്റെ പരിസരത്തുനിന്നു പെറുക്കിയ കല്ലുകൾകൊണ്ടാണ് ഇവരെല്ലാവരും ശിൽപ്പങ്ങൾ നിർമിച്ചത്.
ഗുരുത്വാകർഷണ നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള ശിൽപ്പങ്ങൾ ഇവിടെ നിർമിക്കപ്പെട്ടു. സ്പെയിനിൽനിന്നെത്തിയ പെട്രോ ഡ്യൂറനാണ് ഇത്തവണത്തെ വിജയി. കഴിഞ്ഞ വർഷമാണ് എഡിൻബർഗിൽ ഇത്തരത്തിലൊരു മത്സരം ആരംഭിച്ചത്.