പാരിസ്: ഫ്രഞ്ച് ഗ്രാമവാസികളുടെ ഉറക്കംകെടുത്തുന്ന ദുരൂഹമായ ശിലാലിഖിതങ്ങൾ വായിച്ചെടുക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചു. ഇത് വായിച്ചെടുക്കാൻ പലതരത്തിലും ശ്രമിച്ചിട്ടും നടക്കാത്ത സാഹചര്യത്തിലാണ് അറ്റകൈ പ്രയോഗം.
ഈ ലിഖിതങ്ങൾ വായിച്ചുതന്നാൽ 2,240 ഡോളർ നൽകുമെന്നാണ് പ്രഖ്യാപനം. ഉത്തര പശ്ചിമ ഫ്രാൻസിലെ ബ്രിട്ടാനിക്ക് സമീപത്തെ പ്ലുഗാസെൽ ഡൂലാസ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിന് പുറത്തെ ഒരു പാറയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ലിഖിതമുള്ളത്. അക്ഷരങ്ങളും ചിഹ്നങ്ങളും അടങ്ങിയതാണ് ലിഖിതം. ചിഹ്നങ്ങളിൽ ഒരു ബോട്ടിന്റെ രൂപവുമുണ്ട്. പക്ഷേ, ഭാഷ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
പഴയ ബാസ്ക് ഭാഷയാണെന്നും അതല്ല, പ്രാചീന ബ്രെറ്റണ്‍ ആണെന്നും പറയുന്നവരുണ്ട്. മൂന്നോ നാലോ വർഷം മുന്‍പാണ് ഈ ശില നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. സാധാരണക്കാർ, ചരിത്രകാരൻമാർ, പണ്ഡിതർ, ഭാഷാശാസ്ത്രജ്ഞർ, വിദ്യാർഥികൾ തുടങ്ങി ആർക്കും ഗ്രാമവാസികളുടെ വെല്ലുവിളി സ്വീകരിക്കാം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ