വെബ് കൗണ്ടി (ടെക്സസ്): ടെക്സസിൽ നിന്നുള്ള നാലു സ്ത്രീകളെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സീരിയൽ കില്ലർ, യുഎസ് ബോർഡർ പട്രോൾ സൂപ്പർ വൈസർ വാൻ ഡേവിഡ് ഓർട്ടിസിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. 2.5 മില്യൻ ഡോളറാണ് ബോണ്ടായി നിശ്ചയിച്ചിരിക്കുന്നതെന്ന് വെബ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഇസി ഡ്രൊ അലനിസ് പറഞ്ഞു.
സെപ്റ്റംബർ 15 നു ലറിഡൊ ഹോട്ടലിന് പുറത്തു പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാലു കൊലപാതകം, മാരകായുധം കൊണ്ടു മുറിവേൽപിക്കൽ, നിയമ വിരുദ്ധമായി തടഞ്ഞു വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട നാലു സ്ത്രീകളും വേശ്യവൃത്തിയിലെർപ്പെട്ടവരാണെന്നും നാലു പേരെയും വെടിവച്ചു കൊലപ്പെടുത്തിയശേഷം സൗത്ത് ടെക്സസ് കൗണ്ടി ഉൾപ്രദേശങ്ങളിലുള്ള റോഡുകളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഡിസ്ട്രിക്ട് അറ്റോർണി പറഞ്ഞു.
സെപ്റ്റംബർ 14 ന് ഒരു സ്ത്രീയെ തട്ടിയെടുത്ത് ട്രക്കിലിട്ടു കൊണ്ടു പോകുന്നതിനിടയിൽ രക്ഷപ്പെട്ട എറിക്ക് പെന്ന എന്ന സ്ത്രീയാണ് ഇയാളെക്കുറിച്ചു വിവരം പൊലീസിൽ നൽകിയതും അറസ്റ്റിനിടയാക്കിയതും.
റിപ്പോർട്ട്: പി.പി. ചെറിയാൻ