വാഷിംഗ്ടൺ ഡിസി: താനൊരു മിടുക്കൻ മാത്രമല്ല, ജീനിയസ് കൂടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൈക്കിൾ വുൾഫിന്റെ പുസ്തകത്തിലെ ആരോപണങ്ങൾക്കാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്കിയത്.
അമേരിക്കൻ പ്രസിഡന്റുപദവിക്ക് താനേറ്റവും യോഗ്യനാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്പാദ്യം സ്ഥിരബുദ്ധിയും സാമർഥ്യവുമാണ്. ബിസിനസുകാരൻ, ടിവി താരം, അമേരിക്കൻ പ്രസിഡന്റ് എന്നിങ്ങനെ കൈവച്ച എല്ലായിടത്തും ആദ്യ അവസരത്തിൽതന്നെ വിജയിച്ചു. എന്റെ സാമർഥ്യത്തിനും ജീനിയസിനും ഇതുതന്നെ തെളിവ്.
പുസ്തകം എഴുതിയ മൈക്കിൾ വുൾഫ് എല്ലാ അർഥത്തിലും പരാജിതനാണ്. താൻ പുറത്താക്കിയപ്പോൾ കിടന്നു മോങ്ങിയ സ്റ്റീവ് ബാനനെ(ട്രംപ് പിരിച്ചു വിട്ട മുൻ തന്ത്രോപദേഷ്ടാവ്)യാണ് മൈക്കിൾ വുൾഫ് ഉപയോഗിച്ചത്. ഒരു പറ്റം ട്വീറ്റുകളിലാണ് ട്രംപിന്റെ പ്രതികരണം.