ലോകത്തിന്റെ വിവിധ കോണുകളിലുള്ള സുമനസ്‌കരുടെ മനസ് തിരിച്ചറിയാന്‍ മലയാളിയ്ക്ക് ലഭിച്ച ഒരവസരം കൂടിയായിരുന്നു, ഇക്കഴിഞ്ഞുപോയ പ്രളയം. മലയാളിയുടെ അവസ്ഥ തിരിച്ചറിഞ്ഞ് സഹായ പ്രവാഹമാണ് ആളുകള്‍ കേരളത്തിലേയ്ക്ക് ഒഴുക്കിയത്. നല്ലൊരു ശതമാനം ആളുകളും പ്രളയക്കെടുതിയില്‍ നിന്ന് കരകയറി കഴിഞ്ഞിട്ടും ഇപ്പോഴും സുമനസുകളുടെ സഹായ പ്രവാഹത്തിന് കുറവ് വരുന്നില്ല എന്ന് തെളിയിക്കുന്ന സംഭവമാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്.
മകളുടെ വിവാഹം ആര്‍ഭാടമായി നടത്താന്‍ കരുതി വച്ച ഇരുപത്തിയഞ്ചു ലക്ഷം രൂപ പ്രളയ ദുരിതാശ്വാസത്തിനായി സംഭാവന ചെയത് മാതകയായിരിക്കുകയാണ് പ്രവാസി മലയാളി. മലപ്പുറം വളാഞ്ചേരി വലിയകുന്ന് സ്വദേശി അബ്ദുള്‍ നാസറാണ് പ്രളയ ദുരിതാശ്വാസ പദ്ധതിയിലേക്ക് പണം നല്‍കിയത്.
നാടിനെ മുഴുവന്‍ ക്ഷണിച്ച് വന്‍ ആഘോഷമായി മകള്‍ നദയുടെ വിവാഹം നടത്താനാണ് അബ്ദുള്‍ നാസര്‍ തീരുമാനിച്ചിരുന്നത്. ഇതിനായി ഒരുങ്ങുന്നതിനിടെയാണ് പ്രളയം വന്നത്. ചുറ്റുപാടുമുള്ള വലിയ ദുരന്തങ്ങള്‍ക്കിടയില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ വേണ്ടന്ന് അബ്ദുള്‍ നാസര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ ഭാര്യയും മക്കളും പിന്തുണച്ചു. അതോടെ ആഘോഷങ്ങള്‍ക്കായി മാറ്റി വച്ച പണം ദുരിതാശ്വാസ പദ്ധതികളിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.
വിവാഹ വേദിയില്‍ വച്ച് പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്കും അഞ്ചു ലക്ഷം രൂപ ഇരുമ്പിളിയത്തെ പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനും അബ്ദുള്‍ നാസര്‍ നല്‍കി. അഞ്ച് ലക്ഷം രൂപ വീതം കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയിലേക്കും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി.ജലീലാണ് സ്വീകരിച്ചത്. എഞ്ചിനീയറിംഗ് ബിരുദധാരികളാണ് വധൂവരന്‍മാരായ നദയും അജ്‌നാസും .