ഒരു കാറിനുതന്നെ ഈ വില വരുന്പോൾ എങ്ങനെ ഒരു ബസ് ലഭിക്കും! ഇതിന് ഉത്തരം പറയുന്നത് പഞ്ചാബിലെ ലവ്ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്. ഇവരാണ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന, ഡ്രൈവർ ഇല്ലാത്ത സ്മാർട്ട് ബസ് വികസിപ്പിച്ചത്. പഞ്ചാബിൽ നടന്നുവരുന്ന 106-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിലാണ് ഈ വാഹനം പ്രദർശിപ്പിച്ചിരിക്കുന്നത്.
മലിനീകരണമില്ലാത്ത ഈ വാഹനത്തിന് ആറു ലക്ഷം രൂപ മാത്രമാണ് വില വരുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോർ ആണ് വാഹനത്തിന്റെ കരുത്ത്. 12 മാസത്തെ പരിശ്രമത്തിന്റെ ഫലമായ ഈ ബസിന്റെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്. ഒരു തവണ ചാർജ് ചെയ്താൽ 10 മുതൽ 30 പേർക്കു വരെ 70 കിലോമീറ്റർ ദൂരം യാത്ര ചെയ്യാനാകുമെന്ന് വിദ്യാർഥികൾ അവകാശപ്പെടുന്നു.
കൂടാതെ യാത്രയ്ക്ക് ജിപിഎസ്, ബ്ലൂടൂത്ത് എന്നിവ ബസ് ഉപയോഗിക്കുന്നുണ്ട്. 10 മീറ്റർ ചുറ്റളവിൽ നിന്ന് ബസ് നിയന്ത്രിക്കാനുമാകും. വിമാനത്താവളങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ ബസ് ഈ വർഷം അവസാനം വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുമെന്നും വിദ്യാർഥികൾ പറഞ്ഞു.