ന്യൂയോർക്ക്: മരണം ആഗ്രഹിക്കുന്നത് എന്ന് അർഥം വരുന്ന ഡെത്ത് വിഷ് എന്ന കോഫി കന്പനി പുറത്തിറക്കിയ നൈട്രോ കോൾഡ് ബ്രൂ കാനിൽ ഉപയോഗിച്ചാൽ ശരിക്കും മരണത്തെ മുഖാമുഖം കാണേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇതിനെത്തുടർന്ന്, ഡെത്ത് വിഷ് കോഫി കന്പനി തങ്ങളുടെ നൈട്രോ കോൾഡ് ബ്രൂ കാൻ തിരിച്ചു വിളിക്കുന്നു. വാങ്ങി രണ്ടു മാസത്തിനുള്ളിൽ തിരിച്ചു നൽകിയാൽ മുടക്കിയ പണം തിരിച്ചു തരാൻ തയാറാണെന്നു കന്പനി അറിയിച്ചു.
അമേരിക്കയിലെ കാപ്പി പ്രിയരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് നൈട്രോ കോൾഡ് ബ്രൂ കാൻ. ന്യൂയോർക്ക് റൗണ്ട് ലേഷ് ആസ്ഥാനമായ കന്പനിയുടെ 11 ഒൗണ്‍സ് നൈട്രോ കോൾഡ് ബ്രൂ കാനിലാണ് ബോച്ചുലിൻ എന്ന വിഷദീപ്തമായ പദാർഥം അടങ്ങിയിരിക്കുന്നത്. കാനിൽ നിറച്ചിരിക്കുന്ന കോൾഡ് സ്ട്രോംഗ് ബ്രൂ കാപ്പി നിർമിക്കാനുള്ള ഇപ്പോഴത്തെ പ്രക്രിയ ബാക്ടീരിയയുടെ വളർച്ചയ്ക്കും ഉത്പാദനത്തിനും കാരണമാകുമെന്നും അതിനെ തടയിടാനാണ് ബോച്ചുലിൻ ഇതിൽ ഉൾക്കൊള്ളിച്ചതെന്നും കന്പനി അറിയിച്ചു.
സ്ട്രോംഗ് കോഫിക്ക് ഏറെ പേര് കേട്ട ഈ ബ്രാൻഡിനെതിരേ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും രംഗത്തു വന്നിട്ടുണ്ട്. ബോച്ചുലിൻ ഉപഭോഗം മൂലം മനുഷ്യശരീരത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നും സ്ഥിരമായ ഉപയോഗം ക്രമേണ മരണത്തിലേക്ക് തള്ളിവിടുമെന്നാണ്. തുടർച്ചയായുള്ള ഉപയോഗം മൂലം ശരീരത്തിനാകെ ബലഹീനത, തലകറക്കം, കാഴ്ചക്കുറവ്, സംസാരിക്കുന്നതോ വിഴുങ്ങുന്നതോ ആയ പ്രശ്നങ്ങൾ. ശ്വസനത്തിലെ ബുദ്ധിമുട്ട്, മറ്റ് പേശികളുടെ ബലഹീനത, ഉദരശബ്ദം, മലബന്ധം എന്നിവയും സാധാരണ ലക്ഷണങ്ങളാണ്.
ലോകത്തിലെ ഏറ്റവും വീര്യം കൂടിയ കോഫി ഉത്പാദിപ്പിക്കുന്ന കന്പനികളിൽ മുൻനിരക്കാരാണ് ഡെത്ത് വിഷ്. അമേരിക്കയിൽ കാപ്പി പ്രിയരിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നതും ഡെത്ത് വിഷ് പുറത്തിറക്കുന്ന കാനിൽ നിറച്ചിരിക്കുന്ന കോൾഡ് ബ്രൂവാണ്. ന്യൂയോർക്കിലെ ഒട്ടുമിക്ക ഗ്രോസറി ഷോപ്പുകളിലും ഇപ്പോൾ നിരോധിക്കപ്പെട്ട ബ്രൂവിന്‍റെ കാനുകൾ അടുത്തിടവരെ ലഭ്യമായിരുന്നു.
കന്പനിയുടെ വെബ്സൈറ്റിൽ നൈട്രോ കോൾഡ് വാങ്ങുന്നവർക്ക് 60 ദിവസത്തിനുള്ളിൽ മുഴുവൻ റീഫണ്ട് ലഭിക്കുമെന്ന് ബ്രൗണ്‍ പറഞ്ഞു. നിർമാണ പ്രക്രിയയിൽ മാറ്റം വരുത്തുന്നതു വരെ കന്പനി ഈ ബ്രൂവിന്‍റെ ഉത്പാദനം നിർത്തി വച്ചിരിക്കുകയാണ്. എന്തായാലും ഈ കോൾഡ് കോഫി കഴിച്ചവർക്കാർക്കും ഇതുവരെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
റിപ്പോർട്ട്: ജോർജ് തുന്പയിൽ