സ്ത്രീപീഡനങ്ങൾക്കും സ്ത്രീധനപീഡനങ്ങൾക്കുമൊക്കെ ഏറെ പേരുകേട്ട രാജ്യമാണ് ഇന്ത്യ. ഇതിനെതിരേ നമ്മുടെ സർക്കാരുകൾ സ്വീകരിക്കുന്ന നടപടികൾ അത്ര കാര്യക്ഷമമാകുന്നില്ല എന്നുതന്നെയാണ് ചുറ്റും നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശിലെ ഒരു സർവകലാശാലയിൽ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വിചിത്രമായ ഒരു കോഴ്സ് പെണ്‍കുട്ടികൾക്കുവേണ്ടി മാത്രമായി തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.
നല്ല മരുമക്കളെ കിട്ടണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ അടുത്ത അധ്യയന വർഷം മുതൽ മധ്യപ്രദേശിലെ ബർക്കത്തുള്ള സർവകലാശാലയിൽ ചെന്നാൽ മതിയാകും. കാരണം അടുത്ത അധ്യയന വർഷം മുതൽ എങ്ങനെ ഒരു നല്ല മരുമകളാകാം എന്ന് പഠിപ്പിക്കുന്ന ഒരു പുതിയ കോഴ്സ് ഇവിടെ തുടങ്ങുകയാണ്. മൂന്നു മാസമാണ് ഈ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ദൈർഘ്യം. അതായത് മൂന്നുമാസംകൊണ്ട് ഇവിടെ എത്തുന്ന പെണ്‍കുട്ടികളെ പഠിപ്പിച്ച് നല്ല മരുമകളാകാൻ ഒരുക്കുമത്രേ.
സൈക്കോളജി, സോഷ്യോളജി, വിമൻ സ്റ്റഡീസ് എന്നീ വിഭാഗങ്ങൾ ചേർന്നാകും ഈ പുതിയ കോഴ്സ് നടത്തുക. സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡി.ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹശേഷമുള്ള പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയാണ് പുതിയ കോഴ്സിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ ബന്ധങ്ങളെ ഉറപ്പിച്ചുനിറുത്താൻ ഇത്തരം കോഴ്സുകൾ സഹായിക്കുമെന്നും ഇതുവഴി സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലയിലെ ബിസിഎ വിദ്യാർഥികൾ ഇംഗ്ലീഷിലാണോ ഹിന്ദിയിലാണോ പരീക്ഷ എഴുതേണ്ടത് എന്ന മാസങ്ങളായി നീളുന്ന തർക്കത്തിൽ ഒരു തീരുമാനമെടുക്കാൻ ഇതുവരെ കഴിയാത്ത സർവകലാശാലയാണ് സ്ത്രീ ശാക്തീകരണത്തിനായി വിചിത്രമായ ഈ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്.