ലൂസിയാന: സ്വന്തം മാതാവ് ഒരു വയസുള്ള ആണ്‍കുട്ടിയേയും അഞ്ചു വയസുള്ള മറ്റൊരു മകനേയും തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.
ഒരു വയസുകാരൻ മരിക്കുകയും അഞ്ചുവയസുകാരന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കേസിൽ മാതാവ് യൂറിക്ക ബ്ലാക്കി(32)നെ അറസ്റ്റു ചെയ്തതായി ലൂസിയാന പോലീസ് അറിയിച്ചു.
സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട മാതാവിനെ ടെക്സസ് ലൂസിയാന അതിർത്തിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.
ഇവർക്കെതിരേ സെക്കൻഡ് ഡിഗ്രി മർഡറും അറ്റംറ്റഡ് സെക്കൻഡ് ഡിഗ്രി മർഡറും ചാർജ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ക്രോസ് ലേക് ബ്രിഡ്ജിനു സമീപമാണ് ചെറിയ കുട്ടിയുടെ മൃതദേഹം പൊങ്ങി കിടക്കുന്നത് കണ്ടത്.
മിനിറ്റുകൾക്കകം അതിനു സമീപത്ത് നിന്നും അഞ്ചു വയസുകാരനേയും പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇവരുടെ മൂന്നാമത്തെ കുട്ടിയേയും താടകത്തിലേക്ക് തള്ളിയിട്ടുണ്ടാകുമെന്ന് കരുതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തുണ്ടെന്നും പോലീസ് കണ്ടെത്തി.
എന്തു കൊണ്ടാണ് മാതാവ് ഇപ്രകാരമൊരു ക്രൂര കൃത്യം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. അന്വേഷണം തുടരുകയാണ്.
സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ എൻപിഡി 3186737300, ക്രൈം സ്റ്റോപ്പേഴ്സ് 3186737373 നന്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.
പി.പി. ചെറിയാൻ