പതിനൊന്നു വയസുമാത്രം പ്രായമുള്ള മകനെ നിർബന്ധപൂർവം മൂന്നു ലിറ്റർ വെള്ളം കുടിപ്പിച്ചതിനെ തുടർന്ന് കുട്ടി മരിക്കാനിടയായ സംഭവത്തിൽ വളർത്തമ്മയേയും പിതാവിനേയും പോലീസ് അറസ്റ്റു ചെയ്തു. മാർച്ചിൽ നടന്ന സംഭവത്തിൽ ജൂണ് 18 നാണ് അറസ്റ്റ് വാർത്ത പുറത്തുവന്നത്.
കൊളറാഡോ സ്പ്രിംഗ്സ് നോർത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയൻ (41), താര സബിൻ (42) എന്നീ ദന്പതിമാരാണ് സാഖറി എന്ന പതിനൊന്നുകാരന്റെ മരണത്തിന് ഉത്തരവാദികളെന്നും ഇവർക്കെതിരെ ഫസ്റ്റ് ഡിഗ്രി മർഡറിന്, ചൈൽഡ് അബ്യൂസിനും കേസെടുത്തതായി അറസ്റ്റ് അഫിഡ വിറ്റിൽ പറയുന്നു.
വെള്ളം കുറവ് കുടിക്കുന്ന സ്വഭാവമായിരുന്നു കുട്ടിക്ക്. അതുകൊണ്ടു രാത്രി ബെഡിൽ ചിലപ്പോൾ മൂത്രം ഒഴിക്കാറുണ്ടെന്നും അതിന് വലിയ ദുർഗന്ധമായിരുന്നുവെന്ന് വളർത്തമ്മ താര പറഞ്ഞു.
ഒരു ദിവസം ഭാര്യ തന്നെ ഫോണിൽ വിളിച്ചു കുട്ടിയെ വെള്ളം കുടിപ്പിക്കുകയാണെന്ന് പറഞ്ഞു. റയൻ വീട്ടിലെത്തിയപ്പോൾ കുട്ടി ഛർദ്ദിക്കുന്നതായി കണ്ടെന്നും പിന്നീട് നിലത്തു വീണെന്നും പറയുന്നു.
നിലത്തു വീണ കുട്ടിയെ റയൻ കാലുകൊണ്ട് ചവിട്ടുകയും കൈയിലെടുത്ത് തല താഴേക്കായി വലിച്ചെറിയുകയും ചെയ്തുവെന്നു പോലീസിനോടു പറഞ്ഞു. അവശനായ ബാലനെ രാത്രിയിൽ കിടക്കയിൽ കൊണ്ടുപോയി കിടത്തിയെന്നും നേരം വെളുത്തപ്പോൾ കുട്ടി ചലനരഹിതനായിരുന്നുവെന്നും പിതാവ് പോലീസിനോട് പറഞ്ഞു.
കൂടുതൽ വെള്ളം കുടിക്കുന്നത് ഇലക്ട്രോളൈറ്റ് ബാലൻസ് തകരാറിലാക്കുമെന്നും സോഡിയം ലവലിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുമെന്നും വിദഗ്ധർ പറയുന്നു.
ഇതായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്നും പറയുന്നു. കൊറോണ നഴ്സ് റിപ്പോർട്ടിൽ സഖറിയുടെ മരണം ബ്ലങ്ങ് ഫോഴ്സ് ട്രൗമയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ