ഒഹായൊ: ബെൽമൗണ്ട് കൗണ്ടിയിലെ വീട്ടിൽ അതിക്രമിച്ചു കയറി 69 വയസുള്ള സ്ത്രീയെ പീഡിപ്പിച്ചശേഷം വെടിവച്ചു കൊലപ്പെടുത്തുകയും അവരുടെ 45 വയസുള്ള മകളും പ്രതിയുടെ മുൻ കാമുകിയുമായ നിക്കോളിനെ തട്ടികൊണ്ടു പോകുകയും ചെയ്ത ജയിംസ് ഡേവിസ് (47) പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
താങ്ക്സ് ഗിവിംഗ് ഡേയിലാണ് നോർമ മാറ്റ്കൊ (69)യെ വീട്ടിൽ കയറി കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയത്.
ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിൽ ലൂസിയാന മിസിസിപ്പി അതിർത്തിയിൽ പൈൻവില്ല പാരിഷ് കൗണ്ടിയിലുള്ള സ്ലീപ് ഇന്നിൽ പ്രതി നിക്കോളിനെ തടഞ്ഞുവച്ചിരിക്കയാണെന്നുള്ള വിവരം ലഭിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കാവലിൽ പ്രതിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും പോലീസിനു നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. തിരിച്ചു പോലീസ് വെടിവെച്ചതിൽ പ്രതി കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച ഡിസംബർ ഒന്നിനായിരുന്നു സംഭവം. ബെൽമൗണ്ടിൽ നിന്നും രക്ഷപ്പെട്ട പ്രതി ഇതിനിടയിൽ രണ്ടു തോക്കുകൾ കാമറക്കു നേരെ ചൂണ്ടിയുള്ള പടം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതും നിക്കോളിന്റെ ഫോണ് വിൽക്കുന്നതിനു മറ്റൊരാളെ ഏൽപിച്ചതുമാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കാനിടയായത്.
കൊല്ലപ്പെട്ട നോർമയും നഴ്സായ മകളും പ്രതിയും അടുത്തടുത്ത താമസക്കാരായിരുന്നുവെന്ന് പറയപ്പെടുന്നു. സംഭവ ദിവസം പ്രതിയുമായി നോർമ വാക്കു തർക്കത്തിലേർപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു.
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പേരു വെളിപ്പെടുത്താത്ത ഓഫിസർക്ക് പരുക്കേറ്റെങ്കിലും നോർമയെ പരുക്കേൽക്കാതെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ