മിനിയാപോളിസ്: വെള്ളക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ട് കഴുത്തില്‍ എട്ടു മിനിട്ടോളം അമര്‍ത്തിപിടിച്ചതിനെ തുടര്‍ന്നു മരണമടഞ്ഞ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡിന്റെ കുടുബത്തിന് 27 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്കി കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മാര്‍ച്ച് 12 വെള്ളിയാഴ്ച ചേര്‍ന്ന മിനിയാപോളിസ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു.
തീരുമാനം ഐക്യകണ്ഠ്യേനയായിരുന്നു. എനിക്ക് എന്റെ സഹോദരനെ വീണ്ടും കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ ഒത്തുതീര്‍പ്പ് സംഖ്യ ഞാന്‍ തിരിച്ചു നല്കിയേനെ.
ജോര്‍ജ് ഫ്ളോയ്ഡിന്റെ സഹോദരന് ഫിലോനിയസ് ഫ്ളോയ്ഡ് പ്രതികരിച്ചു. മിനിസോട്ട സംസ്ഥാനത്തിനു ഞാന്‍ നന്ദി പറയുന്നു എന്റെ സഹോദരന് എന്റെ ഹൃദയത്തില്‍ ഇന്നും ജീവിക്കുന്നു.
ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലെ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഈ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണിത് അദ്ദേഹം പറഞ്ഞു.
മിനിയാപോളിസ് സിറ്റി മേയര്‍ ജേക്കബ് ഫ്രി ഫ്ളോയ്ഡിനു വേണ്ടി വാദിച്ചവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു.
പാന്‍ഡമിക്കിന്റെ മധ്യത്തിലും പ്രതിഷേധപ്രകടനം നടത്തിയവര്‍ ആത്മസംയമനം പാലിക്കണമെന്ന എന്റെ അഭ്യര്‍ഥന സ്വീകരിച്ചതിലും എനിക്കു കൃതാര്‍ഥതയുണ്ടെന്നും മേയര്‍ പറഞ്ഞു.
ജോര്‍ജ് ഫ്ളോയ്ഡിന്റെ പേരില്‍ ഒരു ഫൗണ്ടേഷന് ആരംഭിക്കുമെന്നു സഹോദരി ബ്രിജിത്ത് പറഞ്ഞു. ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയിലുടനീളം പ്രതിഷേധം അലയടിച്ചിരുന്നു.
ഇതിനെ തുടര്‍ന്നുണ്ടായ അക്രമപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനു പോലിസിനു പലയിടത്തും ബലപ്രയോഗം വരെ നടത്തേണ്ടി വന്നിരുന്നു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്