കാബൂൾ: മേൽക്കൂരയിൽ മിസൈലുകൾ പാകിയ ഭിത്തികൾ റോക്കറ്റുകൾ കൊണ്ടുണ്ടാക്കിയ വീട്ടിൽ ഒരു പകൽ തികച്ച് ജീവിക്കാൻ കഴിയുമോ? പേടിച്ചരണ്ട് മണിക്കൂറുകൾക്കുള്ളിൽ മരിച്ചുപോകുമെന്നാണ് നമ്മുടെ ഉത്തരമെങ്കിൽ അഫ്ഗാനിസ്ഥാന് മറ്റൊരു ഉത്തരമാണ് പറയാനുള്ളത്. ചെറു ആയുധപ്പുരയെന്നു വിശേഷിപ്പിക്കാവുന്ന വീടുകളിൽ അടുപ്പുകൂട്ടി ഭക്ഷണം വെച്ചുണ്ടാക്കി കഴിയുന്ന ഇവർ പറയും, “ഇതൊക്കെ എന്ത്..! ഇത് യുദ്ധം തകർത്ത അഫാഗാനിസ്ഥാനിലെ ക്വെസീലാബാദിൽനിന്നുള്ള കാഴ്ച.
ആകെ നനഞ്ഞാൽ കുളിരില്ലെന്നു പറഞ്ഞപോലൊരു അവസ്ഥയാണ് ഇവിടുത്തുകാർക്ക്. യുദ്ധം ഇവരെ ജീവനിൽ പേടിയില്ലാത്തവരാക്കിയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മരണത്തിനും വേണ്ടാത്തവരാണവർ. അവരോട് ചോദിച്ചാൽ പറയും ജീവിച്ചിരിക്കുന്നതുകൊണ്ട് അതിജീവിക്കുന്നു. യുദ്ധം എല്ലാം നശിപ്പിച്ചതിനാൽ വീടുവയ്ക്കാൻ സാധനസാമഗ്രികൾ ഒന്നും കിട്ടാനില്ല. അപ്പോൾ പിന്നെ ഏറ്റവും കൂടുൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് അവർ വീടുപണിതു. അത് മിസൈലുകളും റോക്കറ്റുകളുമാണ്. മൂന്നു പതിറ്റാണ്ടുകളായി റഷ്യൻ, യുഎസ് സൈന്യം തങ്ങൾക്ക് സംഭാവന ചെയ്ത വസ്തുക്കളാണവ. ഇതുവരെപൊട്ടാത്ത ഏതു നിമിഷവും പൊട്ടാവുന്ന മിസൈലുകളും റോക്കറ്റുകളും.
റോക്കറ്റുകൾ ഇവിടെ ഒന്നിലധികം കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കുറ്റിയും കൊളുത്തുകളും ഇല്ലാത്ത വാതലുകൾ തുറന്നുപോകാതിരിക്കാൻ, വീടുകളുടെ തൂണുകളായി, മുന്തിത്തോട്ടത്തിലെ പന്തലിനു കാൽ ആയി, ചെറുപാലങ്ങളായി അങ്ങനെ നിരവധി ഉപയോഗമാണ് റോക്കറ്റുകൾ കൊണ്ട് ഇവിടുത്തുകാർക്കുള്ളത്. ഒരു വീടിന്റെ മേൽക്കൂരയിൽ മാത്രം ഏഴ് മിസൈലുകളാണ് പാകിയിരിക്കുന്നത്.
പലരുടേയും ചെറുപ്പത്തിൽ വീണ മിസൈലുകളാണിവ. വിലയില്ലാതെ ലഭിക്കുന്ന നിർമാണ വസ്തുവാണ് റോക്കറ്റ്. ഒരു വീട്ടിൽ മാത്രം 26 റോക്കറ്റുളാണ് കണ്ടെത്തിയത്. 1,200 കിലോ സ്ഫോടക വസ്തുക്കളാണ് ഇതിൽ മാത്രം ഉള്ളത്. ഈ ഗ്രാമത്തെ അപ്പാടെ നശിപ്പിക്കാൻ ഇത് അത്രയും മതിയാകും.
പൊട്ടാൻ വെമ്പിനിൽക്കുന്ന അഗ്നികുണ്ഡത്തിനു മുകളിൽ കഴിയുമ്പോഴും മരണത്തെ കൂസാത്ത ജീവിതങ്ങളെക്കുറിച്ച് ബിബിസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.