ഹൂസ്റ്റണ്‍: ടെക്സസ് സ്റ്റേറ്റ് ട്രൂപ്പർ ഉദ്യോഗസ്ഥനെ പതിയിരുന്നു വെടിവച്ചു ഗുരുതരമായി പരുക്കേൽപ്പിച്ച പ്രതി ഡി ആർതർ പിൽസനെ (37) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ടെക്സസിലെ മെക്സിയ സിറ്റിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ട് 7.45 ന് വഴിയിൽ എൻജിൻ പ്രവർത്തനം നിലച്ച വാഹനത്തിലെ ഡ്രൈവറെ സഹായിക്കുന്നതിനിടയിലാണ് ട്രൂപ്പർക്കു വെടിയേറ്റതെന്നു ഡിപിഎസ് റീജണൽ ഡയറക്ടർ ടോഡ് സിൻഡർ പറഞ്ഞു. ഡാളസിൽ നിന്നും 75 മൈൽ ദൂരെയാണ് മെക്സിയ സിറ്റി.
ട്രൂപ്പറെ വെടിവച്ചശേഷം വാഹനത്തിൽ നിന്നും ഇറങ്ങി ഡി ആർതർ രക്ഷപ്പെട്ടതായാണ് ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപാർട്ട്മെന്റ് അധികൃതർ അറിയിച്ചത്. തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതപ്പെടുത്തി. ശനിയാഴ്ചയാണ് പ്രതിയെ മരിച്ച നിലയിൽ സമീപത്തു നിന്നും കണ്ടെത്തിയതെന്ന് ലൈം സ്റ്റോണ്‍ കൗണ്ടി ജഡ്ജ് റിച്ചാർഡ് ഡങ്കൻ പറഞ്ഞു.
തലക്കും വയറിലും വെടിയേറ്റ ട്രൂപ്പർ വെക്കോ ബെയ്ലർ സ്ക്കോറ്റ് ആന്റ് വൈറ്റ് ഹിൽ ക്രസ്റ്റ് ആശുപത്രിയിൽ വളരെ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
റിപ്പോർട്ട്: പി.പി ചെറിയാൻ