കൊച്ചി: ബാങ്ക് കെട്ടിടത്തിൽനിന്ന് ചാടി യൂണിയൻ നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ഇന്നലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് സെൻട്രൽ പോലീസ് പറഞ്ഞു.
ബാങ്ക് എംപ്ലോയീസ് യൂണിയൻ നേതാവും പുത്തൻകുരിശ് സ്വദേശിയുമായ ഞാറ്റിൽ എൻ.എസ്. ജയൻ (51) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം 4.15 ഓടെ എറണാകുളം മറൈൻ ഡ്രൈവ് ഷണ്മുഖം റോഡിലെ എസ്ബിഐ റീജണൽ ഓഫീസ് കെട്ടിടത്തിൽനിന്നാണു ജയൻ വീണത്.
റീജണൽ ബിസിനസ് ഓഫീസിലെ (ആർബിഒ-3) സീനിയർ അസോസിയേറ്റ്സ് ആയിരുന്നു. ഏറ്റവും മേൽത്തട്ടിലുള്ള പത്താംനിലയുടെ ടെറസിൽ ഷൂസും മൊബൈൽ ഫോണും വച്ചശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടെയും ഇടയിലെ മതിൽ ഭാഗത്തേക്കു ചാടുകയായിരുന്നു.
ഒച്ചത്തിലുള്ള ശബ്ദം കേട്ടു ബാങ്കിലെ സുരക്ഷാ ജീവനക്കാർ എത്തിയപ്പോൾ ദേഹം ഛിന്നഭിന്നമായ നിലയിലായിരുന്നു. തല തകർന്നിരുന്നു. വിമുക്തഭടനാണു ജയൻ. ആത്മഹത്യയാണെന്നു പോലീസ് സ്ഥിരീകരിച്ചു. നാഷണൽ കോണ്‍ഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോണ്‍ മൂന്ന് അസിസ്റ്റൻറ് ജനറൽ സെക്രട്ടറി, ഓഫീഷ്യേറ്റിംഗ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ചാടുന്നതിനു തൊട്ടുമുന്‍പു മൊബൈൽ ഫോണിൽ സംസാരിച്ചു കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിക്കാൻ ഇടയാക്കിയ കാരണമറിയാൻ ഫോണ്‍ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് എറണാകുളം അസിസ്റ്റൻറ് സിറ്റി പോലീസ് കമ്മീഷണർ സുരേഷ് അറിയിച്ചു. ഭാര്യ: ബിജി. മകൻ: അനന്തു.