ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഓഹരി കന്പോളമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചി(എൻഎസ്ഇ)ന് ആറു മാസത്തേക്കു ധനസമാഹരണത്തിനു വിലക്ക്. എൻഎസ്ഇയുടെ രണ്ടു മുൻ ചീഫ് എക്സിക്യൂട്ടീവുമാർക്കും (സിഇഒ) എൻഎസ്ഇക്കും പിഴ ചുമത്തുകയും ചെയ്തു. പ്രഥമ ഓഹരി വില്പന(ഐപിഒ)യ്ക്കുള്ള എൻഎസ്ഇ നീക്കം ഇതുമൂലം നീട്ടിവയ്ക്കേണ്ടിവരും.
ചില ബ്രോക്കർമാർക്കും ഇടപാടുകാർക്കും എൻഎസ്ഇയുടെ നെറ്റ്വർക്കിൽ കൂടുതൽ വേഗമുള്ള സേർവറുകൾ നല്‍കിയെന്ന ആരോപണത്തെത്തുടർന്നുള്ള അന്വേഷണമാണ് ഈ നടപടിയിലേക്കു നയിച്ചത്. മറ്റു ബ്രോക്കർമാരെ അപേക്ഷിച്ചു മുന്‍പേ വിലമാറ്റവും വ്യാപാര ഗതിയും അറിയാൻ ഈ ക്രമീകരണം പ്രസ്തുത ബ്രോക്കർമാരെ സഹായിച്ചു.
എല്ലാവർക്കും ഒരേ സൗകര്യം നല്കേണ്ടിടത്ത് വേർതിരിച്ചു സഹായം നല്‍കിയത് എക്സ്ചേഞ്ചിന്റെ തെറ്റായി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വിലയിരുത്തി. എൻഎസ്ഇയിൽ 2010 മുതൽ 2014 വരെ ഇങ്ങനെ വ്യാപരത്തട്ടിപ്പ് നടന്നതായി 2015 ലാണു വെളിയിൽവന്നത്.
2010-14 കാലത്ത് എൻഎസ്ഇ ഉണ്ടാക്കിയ ലാഭമായ 624.89 കോടി രൂപ ഇതുവരെ പ്രതിവർഷം പിഴയായി അടയ്ക്കണം. ഈ തുക സെബിയുടെ ഇന്‍വെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ടിലേക്കു ചേർക്കും. 2011-13 കാലത്ത് സിഇഒ ആയിരുന്ന രവി നാരായണൻ പറ്റിയ ശന്പളത്തിന്റെ 25 ശതമാനം പിഴയടയ്ക്കണം.
പിന്നീടു സിഇഒ ആയ ചിത്ര രാമകൃഷ്ണൻ ഒരു വർഷം വാങ്ങിയ ശന്പളത്തിന്റെ 25 ശതമാനം പിഴയടയ്ക്കണം. വേറെ 14 പേർക്കെതിരേയും നടപടിയുണ്ട്. രവി നാരായണനും ചിത്രാ രാമകൃഷ്ണനും അഞ്ചു വർഷത്തേക്ക് കന്പനികളുമായോ, കന്പോള സ്ഥാപനങ്ങളുമായോ ബന്ധപ്പെടുന്നതിനു വിലക്കും കല്പിച്ചു.