ആലപ്പുഴ: പച്ച നിറത്തിലുള്ള കുർത്ത, കാവി തലക്കെട്ട്, സൈക്കിളിൽ രണ്ടു ത്രിവർണ പതാകകൾ, രണ്ടു ജോഡി വസ്ത്രങ്ങളും രണ്ടു പുതപ്പും ഒരു പായയും അടങ്ങുന്ന ഒരു ബാഗ്, ഓൾ ഇന്ത്യ ബൈസൈക്കിൾ ടൂറിസ്റ്റ് എന്ന ബോർഡ്-രണ്ടര വർഷം മുന്പ് ഭാരതം ചുറ്റാനിറങ്ങുന്പോൾ മുഹമ്മദ് ജമാലിന്റെ കൈവശം ഉണ്ടായിരുന്നത് ഇതുമാത്രം.
റിപ്പയർ ചെയ്തെടുത്ത തന്റെ സൈക്കിളിൽ ഇന്ത്യ ഉടനീളം ഇതുവരെ 59,000 കിലോമീറ്റർ സഞ്ചരിച്ച 57 വയസുകാരനായ ജമാൽ വെള്ളിയാഴ്ചയാണ് ആലപ്പുഴ ബീച്ചിനു സമീപമെത്തിയത്.
ആദ്യം തന്നെ എതിർവശമുള്ള ലോകമേ തറവാട് പ്രദർശനം നടക്കുന്ന പോർട്ട് മ്യൂസിയത്തിൽ കയറി പ്രദർശനം കണ്ടു. പിന്നെ ബീച്ചിനു സമീപം വിശ്രമം.
2018 ഓഗസ്റ്റ് 15ന് ഛത്തീസ്ഗഡിലെ ദുർഗിൽ നിന്നുമാരംഭിച്ച യാത്രയുടെ അവസാനത്തെ ലാപ്പിലാണ് ജമാൽ. ലക്ഷദ്വീപ് ഒഴികെ ഇന്ത്യയിലുള്ള എല്ലാ പ്രദേശങ്ങളും സന്ദർശിച്ചിട്ടുണ്ട്.
ഏതു സംസ്ഥാനം സന്ദർശിച്ചാലും രണ്ടു സന്ദേശങ്ങളാണ് ജമാലിനു നൽകാനുള്ളത്. ഭക്ഷണം വെറുതെ കളയരുത്, ആരോഗ്യ സംരക്ഷണത്തിനായി ദിവസവും സൈക്കിൾ ചവിട്ടണം.
ഭിലായിൽ തിരിച്ചെത്തുന്നതിനു മുന്പ് 62000 കിലോമീറ്റർ ദൂരമെങ്കിലും സഞ്ചരിക്കും. ഭക്ഷണത്തിനും പണത്തിനും സന്മ നസുള്ളവർ കാരണം ഇതുവരെ ബുദ്ധിമുട്ട് നേരിട്ടില്ല.
സുന്ദരമായ ആലപ്പുഴ ബീച്ച് ഇഷ്ടമായതുകൊണ്ട് കഴിഞ്ഞ രാത്രി കടൽപ്പാലത്തിനു എതിരെയുള്ള മരച്ചുവട്ടിലായിരുന്നു വിശ്രമം.
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളും ലോക്ഡൗണും മൂന്നു മാസത്തോളം യാത്ര വൈകിച്ചുവെങ്കിലും തന്റെ സന്ദേശം ആളുകളിൽ എത്തിക്കാനായി എന്നതിൽ സന്തോഷമുണ്ടെന്ന് ജമാൽ.
കലയെ ഇഷ്ടപ്പെടുന്ന ജമാൽ, കർഷകനായാണ് അറിയപ്പെടുന്നതെങ്കിലും ഭവന നിർമാണത്തിന് ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യയും രൂപപ്പെടുത്തിയിട്ടുണ്ട്.