ലോക്പോർട്ട് (ഇല്ലിനോയ്സ്): പതിനായിരത്തോളം ഡോളർ വിലയുള്ള (71/2 ലക്ഷം രൂപ) പട്ടിക്കുട്ടിയെ വളർത്തുമൃഗങ്ങൾ വിൽക്കുന്ന കടയിൽ നിന്നും മോഷ്ടിച്ച യുവതിയെ നാപ്പർവില്ല പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 21 ശനിയാഴ്ചയായിരുന്നു സംഭവം.
അലിബിയ ജോണ്സൻ (22) പെറ്റ്ലാന്റ് എന്ന കടയിലെത്തിയത്് വളർത്തു മൃഗങ്ങളെ വാങ്ങാനായിരുന്നു.
അവിടെ യെല്ലാം ചുറ്റിക്കറങ്ങിയ ഇവർ അവിടെ വളരെ വില കൂടിയ ഫീമെയ്ൽ യോക്ക്ഷയർ ടെറിയർ ഇനത്തിൽപ്പെട്ട പട്ടിക്കുട്ടിയെ ജാക്കറ്റിനുള്ളിലിട്ട് പുറത്തു കടക്കുകയായിരുന്നു.
സ്റ്റോറിലെ ജീവനക്കാർ ഇതു കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടയിൽ കടയിൽ നിന്നു പുറത്തു കടന്ന യുവതിയെ പോലീസ് പിടികൂടി.
ഇവരുടെ ജാക്കറ്റിനുള്ളിൽ നിന്നും പട്ടിക്കുട്ടിയെ കണ്ടെടുക്കുകയും ചെയ്തു. ഇവർക്കെതിരെ മോഷണ കുറ്റങ്ങൾ ചാർജ് ചെയ്തു കേസെടുത്തു.
നോർത്തേണ്‍ ഇംഗ്ലണ്ടിൽ പത്തൊന്‍പതാം നൂറ്റാണ്ടിലാണ് യോർക്ക് ഷെയർ ടെറിയർ ആദ്യമായി ഉൽപാദിതമായത്.
സ്കോട്ട്ലാൻഡിൽ നിന്നു ജോലി അന്വേഷിച്ചു എത്തിയവരാണ് വിവിധ തരത്തിലുള്ള ടെറിയറിനെ യോർഷെയറിൽ കൊണ്ടുവന്നത്.
നോർത്ത് അമേരിക്കയിൽ ഈ ഇനത്തിൽപെട്ട പട്ടിക്കുട്ടികൾ എത്തുന്നത് 1872 ലാണ്. 1940 ൽ ഇതു പ്രിയപ്പെട്ട വളർത്തുമൃഗമായി മാറി.
4 മുതൽ 7 പൗണ്ട് തൂക്കവും, 8 മുതൽ 9 വരെ ഇഞ്ച് ഉയരവും, 12 മുതൽ 15 വർഷം വരെ ആയുസുമാണ് ഈ വർഗത്തിനുള്ളത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ