ന്യൂഡൽഹി: നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ “നിർണായക സൂചകങ്ങൾ: ഇന്ത്യയിലെ ഗാർഹിക ഉപഭോഗ ചെലവ്’’ എന്ന സർവേയിലെ റിപ്പോർട്ടിലെ ഡേറ്റയിൽ ചില സംശയങ്ങൾ ഉള്ളതിനാലാണ് പരസ്യപ്പെടുത്താത്തതെന്ന് കേന്ദ്രസർക്കാർ.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റേത് റിപ്പോർട്ടല്ല നക്കൽ മാത്രമാണ്. അടുത്തവർഷം കൃത്യമായ സർവേ നടത്തുമെന്നും സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം വ്യക്തമാക്കി. ഗവൺമെന്റ് ഈ റിപ്പോർട്ട് ഇനിയും ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് അനുസരിച്ച് 1972-73 നു ശേഷം ആദ്യമായി ഇന്ത്യൻ ജനതയുടെ ക്രയശേഷി 2017-18 ൽ താഴോട്ടുപോയി.
സർവേ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
- ആളോഹരി പ്രതിമാസ ചെലവ് 2011-12 ലെ 1501 രൂപയിൽനിന്ന് 2017-18 ൽ 1446 രൂപയായി താണു. കുറവ് 3.7 ശതമാനം. (2009-10 ലെ സ്ഥിരവിലയിലാണു രണ്ടു കണക്കും).
- ഇക്കാലയളവിൽ ഗ്രാമീണർ ചെലവാക്കുന്ന തുക 8.8 ശതമാനം കുറഞ്ഞു. നഗരവാസികളുടേത് രണ്ടു ശതമാനവും.
- ഗ്രാമീണർ ഭക്ഷണത്തിനു ചെലവാക്കുന്ന തുക 10 ശതമാനം കുറഞ്ഞു. നഗരങ്ങളിൽ നാമമാത്രമായി വർധിച്ചു. 2011-12 ൽ ഗ്രാമീണർ പ്രതിമാസം 643 രൂപ ഭക്ഷണത്തിനു ചെലവാക്കിയത് 2017-18 ൽ 580 രൂപയായി കുറഞ്ഞു. നഗരങ്ങളിൽ 943 രൂപയിൽനിന്ന് 946 രൂപയായി.
- ഗ്രാമീണരുടെ ഭക്ഷ്യേതര ചെലവ് 7.6 ശതമാനം കുറഞ്ഞു. നഗരങ്ങളിൽ 3.8 ശതമാനം കൂടി.
ഞെട്ടിക്കുന്ന വിവരം
ഈ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതും ആശങ്കാജനകവുമാണെന്നു പ്ലാനിംഗ് കമ്മീഷനംഗമായിരുന്ന ഡോ. അഭിജിത് സെൻ പറയുന്നു. ജനങ്ങൾ ഭക്ഷണത്തിനു ചെലവാക്കുന്ന തുക കുറയുന്പോൾ പോഷകക്കുറവ് സംഭവിക്കുന്നു. എണ്ണ, ഉപ്പ്, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ വാങ്ങൽ നഗര-ഗ്രാമ ഭേദമില്ലാതെ കുറഞ്ഞു.രാജ്യത്തു ദാരിദ്ര്യം വർധിച്ചു എന്ന സൂചനയാണ് ഇതിലുള്ളതെന്നു സെൻ പറഞ്ഞു.
മൂടിവയ്ക്കുന്നു
സർവേഫലം പുറത്തുവിടുന്നതിനെപ്പറ്റി സർക്കാരിൽ പലവട്ടം ചർച്ച നടന്നു. സർവേയിലെ നിഗമനങ്ങൾ ശരിയാണോ എന്നു പരിശോധിക്കാൻ ഉപസമിതിയെ നിയോഗി ച്ചു. അവർ വിശദമായി പരിശോധിച്ചിട്ട് റിപ്പോർട്ട് ശരിയാണെന്നു പറഞ്ഞു. തുടർന്നു റിപ്പോർട്ട് പുറത്തുവിടാൻ സ്റ്റാറ്റിസ്റ്റിക്സും പ്രോഗ്രാം നടത്തിപ്പും മന്ത്രാലയം അനുമതി നൽകി. 2019 ജൂണിൽ റിപ്പോർട്ട് പുറത്തുവിടുമെന്നു മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. പക്ഷേ, ഇനിയും പുറത്തുവിട്ടിട്ടില്ല.
രാജ്യത്തു തൊഴിലില്ലായ്മ കൂടുന്നുവെന്ന തൊഴിൽ സർവേ ഫലവും ഈയിടെ മൂടിവച്ചിരുന്നു. ഇതേത്തുടർന്നു സർവേയുടെ മേൽനോട്ടം വഹിച്ചിരുന്നയാൾ സർക്കാരിൽനിന്നു രാജിവച്ചു. 2017-18 ലെ തൊഴിൽ സർവേ തൊഴിലില്ലായ്മ 6.1 ശതമാനമാണെന്നും 29 വയസ് വരെയുള്ള യുവാക്കളിൽ 17.8 ശതമാനം തൊഴിൽരഹിതരാണെന്നും കണ്ടെത്തിയിരുന്നു. ആറുവർഷംകൊണ്ട് തൊഴിലെടുക്കുന്നവരുടെ മൊത്തം സംഖ്യ നാലുശതമാനം കുറഞ്ഞെന്നും ആ സർവേ കണ്ടെത്തി.