ചങ്ങനാശേരി: എന്‍എസ്എസിനെ വലയിലാക്കാനോ കീഴ്‌പ്പെടുത്താനോ ആരും വരേണ്ടതില്ലെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. 140–മത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്ന മന്നം നഗറില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലയിലാക്കാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹം നടക്കില്ല. പകരം സൗഹൃദം പങ്കിടാന്‍ വരാം. നമുക്കുവേണ്ടി പറയാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല. മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യം വരുമ്പോള്‍ നമുക്കുള്ള ഇല മാറ്റിവയ്ക്കും. എന്‍എസ്എസിനു രാഷ്ട്രീയമില്ല. എല്ലാ പാര്‍ട്ടികളോടും സമദൂര നിലപാടാണ്. സംഘടനയെ ശക്തിപെടുത്താന്‍ വേണ്ടിയാണ് ഈ നിലപാട്. എല്ലാ പാര്‍ട്ടികളിലും വിശ്വസിക്കുന്നവര്‍ നമ്മുടെ സംഘടനയിലുണ്ട്. ആ വിശ്വാസം നിലനിര്‍ത്തിത്തന്നെ സംഘടനയെ സ്‌നേഹിക്കണം.
പറക്കുളത്ത് 42 ഏക്കര്‍ 36 സെന്റ് സ്ഥലത്തു പതിറ്റാണ്ടുകളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന എയ്ഡഡ് കോളജിന്റെ പ്രവര്‍ത്തനം സമുദായത്തിന്റെ നിരന്തര ഇടപെടലില്‍ ഇപ്പോള്‍ വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ മൂന്നു ബാച്ചുകള്‍ തുടങ്ങാനായതു സമദൂര നിലപാടിന്റെ വിജയമാണ്– അദ്ദേഹം പറഞ്ഞു.
60 താലൂക്ക് യൂണിയനുകളില്‍ നിന്നായി 5683 കരയോഗങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കരയോഗം രജിസ്ട്രാര്‍ പ്രഫ. വി.പി.ഹരിദാസ് പ്രസംഗിച്ചു.
രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, പി.സി. വിഷ്ണുനാഥ് എന്നിവര്‍ മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി.
മന്നംജയന്തി സമ്മേളനം ഇന്ന്
ചങ്ങനാശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 140–ാമത് ജയന്തി സമ്മേളനം ഇന്നു പെരുന്ന മന്നം നഗറില്‍ നടക്കും. രാവിലെ 7.30 മുതല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന. എട്ടിനു വെട്ടിക്കവല കെ.എന്‍.ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി. 11ന് മന്നംജയന്തിസമ്മേളനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷത വഹിക്കും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ആമുഖ പ്രസംഗം നടത്തും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍ അനുസ്മരണ പ്രഭാഷണം നടത്തും. ട്രഷറര്‍ ഡോ.എം.ശശികുമാര്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. സംസ്കൃത പണ്ഡിതനും കവിയുമായ മുതുകുളം ശ്രീധര്‍, സി.രാധാകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ജയന്തി സമ്മേളനത്തിന്റെ ഭാഗമായി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തുള്ള മന്നം സമാധിമണ്ഡപവും മന്നം മ്യൂസിയവും മന്നത്തിന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുള്ള പാര്‍ക്കും മനോഹരവര്‍ണങ്ങളാലും ദീപാലംങ്കാരങ്ങളാലും അലംകൃതമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അരലക്ഷത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ എത്തിച്ചേരും.