കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ നാഷനല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) ക്യാംപ് അവസാനിക്കാതെ ജനുവരി ഒന്നിന് ക്ലാസ് തുറക്കുന്നതിനെതിരേ പ്രതിഷേധം ശക്തം.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങള്‍ ക്രിസ്മസ് അവധി കഴിഞ്ഞ് പുതുവര്‍ഷദിനത്തിലാണ് തുറക്കുന്നത്. കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ എന്‍എസ്എസ് അംഗങ്ങള്‍ക്കായി നടത്തുന്ന അവധിക്കാല സപ്തദിന ക്യാംപ് ഡിസംബര്‍ 26 ന് ആരംഭിക്കുകയുണ്ടായി.
ഈ ക്യാംപ് അവസാനിക്കുന്നതാകട്ടെ ജനുവരി ഒന്നിനാണ്. ക്യാപ് തീരുന്ന ദിവസം അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് ക്യാംപില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ ദിവസം ക്യാംപില്‍ പങ്കെടുക്കുന്നവരുടെ ഹാജര്‍ നഷ്ടമാകുമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്കയുണ്ട്.
സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഏകദേശം നൂറിലധികം സ്കൂളുകളാണ് എന്‍എസ്എസ് അവധിക്കാല സപ്തദിന ക്യാംപിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് 1400ല്‍പരം എന്‍എസ്എസ് യൂണിറ്റുകളാണുള്ളത്. ഓരോ യൂണിറ്റിലും ഏതാണ് 50 ലേറെ വിദ്യാര്‍ഥികളാണ് അംഗങ്ങളായുള്ളത്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളുകളിലെ യൂണിറ്റുകള്‍ കൂടിയാകുമ്പോള്‍ സംസ്ഥാനത്തെ മിക്ക സ്കൂളുകളും ക്യാംപുകളായി മാറും.
ഈ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ താമസിച്ചാണ് ക്യാംപുകളില്‍ പങ്കെടുക്കുന്നത്. അതിനാല്‍ ക്രിസ്മസ് അവധികഴിഞ്ഞ് മറ്റു കുട്ടികള്‍ സ്കൂളുകളിലേക്ക് എത്തുമ്പോള്‍ ക്ലാസ് മുറികളിലെ ശുചീകരണപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നതിനും തടസമുണ്ട്. ക്യാംപ് ഒന്നിന് അവസാനിക്കുന്നതിനാല്‍ ഡിസംബര്‍ 31 ന് ക്ലാസ് മുറികള്‍ വൃത്തിയാക്കി എന്‍എസ്എസ് അംഗങ്ങളുടെ ബാഗുകള്‍ പുറത്തുവയ്ക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പറയുന്നുണ്ടെങ്കിലും ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നും ആശങ്കയുണ്ട്.
കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയം നടത്തുന്ന ക്യാംപ് ആയതിനാല്‍ ക്യാംപിന്റെ ദിവസങ്ങള്‍ വെട്ടിച്ചുരുക്കാനോ മാറ്റിവയ്ക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. മന്നം ജയന്തി പ്രമാണിച്ച് ജനുവരി രണ്ടിന് പൊതു അവധി ആയതിനാല്‍ സ്കൂള്‍ തുറക്കുന്നത് മൂന്നിലേക്ക് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് അധ്യാപക സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
സീമ മോഹന്‍ലാല്‍