ചങ്ങനാശേരി: ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ചുള്ള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവന ഹൈന്ദവ ജനതയുടെ ചങ്കിലാണ് തറച്ചതെന്നും സ്പീക്കർ മാപ്പു പറയാതെ വിട്ടുവീഴ്ചയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
ഇക്കാര്യത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും ഒപ്പമാണ് എന്‍എസ്എസ്. ശാസ്ത്രമല്ല വിശ്വാസമാണു വലുതെന്നും അദ്ദേഹം പറഞ്ഞു.
ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നില്‍ ഹൈന്ദവവിരോധമാണ്. കേരളത്തിൽ എല്ലാ മതങ്ങളെ സ്നേഹിച്ചുകൊണ്ടും അവരവരുടെ ആരാധനയെ ശരിവച്ചുകൊണ്ടും മുന്നോട്ടുപോകുന്ന പാരമ്പര്യമാണ് ഹൈന്ദവരുടേത്.
എന്നാൽ ആരാധിക്കുന്ന ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാൻ ശ്രമിച്ചാൽ ഒരുതരത്തിലും വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെ നേരിടേണ്ടി വരും.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസങ്ങളെ ശാസ്ത്രീയതയുടെ പേരുപറഞ്ഞ് തള്ളുന്നതും അധിക്ഷേപിക്കുന്നതും മതവിശ്വാസങ്ങളോടുള്ള വെല്ലുവിളിയാണ്.
എന്‍എസ്എസിനും തനിക്കുമെതിരേ സിപിഎം നേതാവ് എ.കെ. ബാലന് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി വാഴപ്പള്ളി മഹാദേവക്ഷേത്ര ദർശനത്തിന് എത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളും അവരവരുടെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തില്‍ വഴിപാടുകള്‍ നടത്തിയാണ് ദിനാചരണം.
സ്പീക്കര്‍ മാപ്പുപറയണമെന്ന ആവശ്യത്തെ ബന്ധപ്പെട്ടവര്‍ നിസാരവത്കരിച്ചതിനെത്തുടര്ന്നാണ് എന്‍എസ്എസ് പ്രതിഷേധം കടുപ്പിച്ചത്.
ദിനാചരണത്തോടനുബന്ധിച്ച് പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.