കൊട്ടാരക്കര: കരയോഗ മന്ദിരങ്ങൾക്കുനേരേയുള്ള ആക്രമണത്തിൽ കുറ്റവാളികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. രണ്ടാഴ്ചക്കുള്ളിൽ മൂന്നു കരയോഗമന്ദിരങ്ങൾക്കുനേരെയാ ണ് കൊട്ടാരക്കര മേഖലയിൽ ആക്രമണമുണ്ടായത്.
പതിവ് അന്വേഷണ രീതികൾ തുടരുന്നതല്ലാതെ ഒരു കേസിൽ പോലും കുറ്റവാളികളെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. റൂറൽ പോലീസ് ജില്ലാ ആസ്ഥാനത്തിന്റെ ചുറ്റുവട്ടത്താണ് ഈ ആക്രമണങ്ങളുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
പൊലിക്കോട്, ഇരണൂർ, സദാനന്ദപുരം എന്നിവിടങ്ങളിലെ എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്കു നേരെയാണ് ആക്രമണങ്ങളുണ്ടായത്. രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ളതാണ് ഈ മൂന്നു കരയോഗ മന്ദിരങ്ങളും. സമാന രീതിയിലുള്ള ആക്രമണമാണ് മൂന്നിടത്തുമുണ്ടായത്. കൊടിമരം നശിപ്പിക്കുക, ബോർഡുകൾ ഇളക്കി മാറ്റുക, കേടുപാടുകൾ വരുത്തുക എന്നീ രീതികളിലായിരുന്നു ആക്രമണങ്ങൾ. ചിലയിടത്ത് സമീപങ്ങളിലുള്ള സിപിഎമ്മിന്റേയോ ബിജെപിയുടേയോ കൊടിമരങ്ങളും നശിപ്പിക്കുകയുണ്ടായി.
പോലീസിന്റെ ഭാഗത്തു നിന്നും പതിവു രീതിയിലുള്ള അന്വേഷണം മാത്രമാണ് നടക്കുന്നതെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങുകയാണ് പതിവ്. പിന്നാലെ ഡോഗ് സ്ക്വാഡും വിരലടയാ ള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുന്നു. അതിനു ശേഷം അന്വേഷണം ഒരിഞ്ചുപോലും മുന്നോട്ടു പോകാത്ത സ്ഥിതിയാണ്. സമീപങ്ങളിലുള്ള സിസിടിവി.കാമറകൾ പരിശോധിച്ചു വരികയാണെന്നാണ് പോലീസ് നൽകിവരുന്ന മറുപടി.
ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടുകൾക്കു ശേഷമാണ് കരയോഗ മന്ദിരങ്ങൾക്കുനേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഈ നിലപാടിനെ എതിർക്കുന്നവരാണ് ആക്രമണത്തിനു പിന്നിലെന്ന് സ്വാഭാവികമായും സംശയിക്കാം. എന്നാൽ അങ്ങനെയാകാൻ വഴിയില്ലെന്നാണ് മുതിർന്ന കരയോഗ നേതാക്കൾ വ്യക്തമാക്കുന്നത്.
ഇരു ചേരികളെയും തമ്മിലടിപ്പിക്കുന്നതിനു ള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് അവർ സംശയിക്കുന്നു. പ്രദേശങ്ങളിലെ സമാധാന ജീവിതം തകർക്കാൻ ലക്ഷ്യമിടുന്ന ഛിദ്ര ശക്തികളെയും ഇക്കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു. എൻഎസ്എസിനെ മറയാക്കി സിപിഎമ്മിനെയും ബിജെപിയെയും പോർക്കളത്തിലിറക്കാനുള്ള ശ്രമമായും ഇതിനെ കാണുന്നവരുണ്ട്.
പ്രദേശങ്ങളിൽ മദ്യപിക്കാൻ ഒത്തുചേരുന്ന സാമൂഹ്യ വിരുദ്ധരെയും സംശയിക്കേണ്ടിയിരിക്കുന്നു. എൻഎസ്എസ് നേതൃത്വം ഇക്കാര്യത്തിൽ സ്വീകരിച്ച പക്വമായ നിലപാടുകളും പ്രമുഖ രാഷ്ടീയ പാർട്ടികളുടെ കരുതലും മൂലമാണ് ഇതുവരെ ഇവിടെ സംഘർഷങ്ങൾ ഉടലെടുക്കാതിരുന്നതിനു കാരണം.
എന്നാൽ പോലീസ് സ്വീകരിച്ചു വരുന്ന നിഷ്ക്രിയത്വം കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണമായേക്കും. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള കാലതാമസം കുറ്റകൃത്യം ആവർത്തിക്കാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.