കോട്ടയം: മിത്ത് വിവാദത്തില്‍ നിലപാട് മാറ്റമില്ലെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
പെരുന്നയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഹൈക്കോടതിയിലുളള കേസുമായി മുന്നോട്ടു പോകുമെന്നും സുകുമാരന്നയാര് പറഞ്ഞു.
കഴിഞ്ഞ ദിവസം മിത്ത്-ഗണപതി വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും പുതുപ്പള്ളിയില്‍ ഇതു തെരഞ്ഞെടുപ്പ് പ്രചാരണമാക്കില്ലെന്നും പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ സമദൂരം നിലപാടാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് എന്‍എസ്എസ് ആസ്ഥാനത്ത് എത്തി സുകുമാരന്‍ നായരെ കാണുകയും പിന്തുണ തേടുകയും എന്‍എസ്എസ് കേരളത്തിന്റെ മതനിരപേക്ഷതയുടെ ഭാഗമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.