അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോള്‍ കോമഡിയാകുന്നത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ശരിദൂരം. കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനി റോബിന് പീറ്ററിനെ ചെന്നിത്തല അംഗീകരിക്കാഞ്ഞ സാഹചര്യത്തില്‍ സുകുമാരന്‍ നായര്‍ പിടിച്ചത് പഴകുളം മധുവിനു വേണ്ടിയായിരുന്നു. എന്നാല്‍ പഴകുളം മധു എല്ലാവര്ക്കും സ്വീകാര്യനല്ലായിരുന്ന സാഹചര്യത്തില്‍ എന്‍എസ്എസിനു കൂടി സ്വീകാര്യനായിരുന്ന മുന്‍ ഡിസിസി പ്രസിഡന്റ് മോഹന്‍രാജിനെ സ്ഥാനാര്‍ഥിയായി യുഡിഎഫ് നിശ്ചയിക്കുകയായിരുന്നു.
42 ശതമാനം നായന്മാരുള്ള വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുരളീധരന് പ്രിയമുള്ള പീതാംബരക്കുറിപ്പിനെ വെട്ടി കെ.മോഹന്‍കുമാറിനെ രംഗത്തിറക്കിയതിനു പിന്നിലും സുകുമാരന്‍ നായരുടെ താല്പര്യമായിരുന്നു. കോന്നിയിലും വട്ടിയൂര്‍കാവിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ അമ്പേ പരാജയപ്പെട്ടതോടെ ശബ്ദമില്ലാതായ അവസ്ഥയിലായിരിക്കുകയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ശബരിമല വിഷയത്തില്‍ സുകുമാരന്‍ നായരുടെ നിലപാടുകള്‍ സമുദായാംഗങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഈ വിശ്വാസമായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കാന്‍ ധൈര്യം നല്‍കിയത്. എന്നാല്‍ സംഭവം അമ്പേ പാളിപ്പോയതോടെ എന്തു പറയണമെന്നറിയാത്ത അവസ്ഥയിലാണ് എന്‍എസ്എസ് നേതൃത്വവും വട്ടിയൂര്‍കാവിലെയും കോന്നിയിലെയും കോണ്‍ഗ്രസ് നേതൃത്വവും.