കോട്ടയം: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെതിരേ ആഞ്ഞടിച്ച് എന്‍എസ്എസ്. ഹൈന്ദവ ആരാധനാമൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഷംസീറിന്റെ പരാമര്‍ശം അതിര് കടന്നതാണ്. പറഞ്ഞ സാഹചര്യം ഏതായാലും അത് ഒരു തരത്തിലും ന്യായീകരിക്കാനാവുന്നതല്ല. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാനാവില്ല. സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അര്‍ഹതയില്ല. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ ഷംസീര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രമെന്നായിരുന്നു പരാമര്‍ശം.
ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീര്‍ പറഞ്ഞിരുന്നു.
ഷംസീറിന്റെ പരാമര്‍ശത്തേചൊല്ലി യുവമോര്‍ച്ചയും സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജനും പരസ്പരം പോര്‍വിളിക്കുന്നതിനിടെയാണ് എന്‍എസ്എസും ഇതിനെതിരേ രംഗത്തുവന്നത്.