കണ്ണൂർ: കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്ന എൻഎസ്എസ് നേതൃത്വത്തിനെതിരേ നിലപാട് സ്വീകരിക്കാത്തതിൽ കോൺഗ്രസിനെതിരേ യുഡിഎഫിൽ അതൃപ്തി.
യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിംലീഗാണ് രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കെതിരേ കടുത്ത വിമർശനവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ മിതമായ രീതിയിലുമാണ് എൻഎസ്എസ് വിമർശനം നടത്തിയത്.
ശശി തരൂരിനെ പുകഴ്ത്തിയ എൻഎസ്എസ് അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി യോഗ്യതയുള്ളത് ശശി തരൂരാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിനെതിരേ കോൺഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിനെ നേരിടുവാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയത്ത് കോൺഗ്രസിനുള്ളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നവരെ മാറ്റി നിർത്തണമെന്നാണ് ലീഗിന്റെ ആവശ്യം.
എൻഎസ്എസിന്റെ വിമർശനങ്ങൾ കോൺഗ്രസിന്റെ മതേതരത്വ കാഴ്ചപ്പാടുകൾക്ക് എതിരാകുമെന്നും ലീഗ് പറയുന്നു. ഇക്കാര്യങ്ങൾ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യാനുള്ള തയാറെടുപ്പിലാണ് ലീഗ്.