കോട്ടയം: വാഹന നിർമാതാക്കൾ തന്നെ നന്പർ പ്ലേറ്റ് നിർമിച്ചു നല്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന രാജ്യത്തെ നന്പർ പ്ലേറ്റ് നിർമാതാക്കളെ ആശങ്കയിലാഴ്ത്തി. ഇതു നടപ്പായാൽ ലക്ഷക്കണക്കിന് ആളുകളുടെ പണി പോകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഈ രംഗത്ത് ദീർഘകാലം പ്രവർത്തിക്കുന്ന കോട്ടയം ശാസ്ത്രി റോഡിലെ നിഷ പ്ലാസ്റ്റിക്സ് ഉടമ കെ.കെ.ബാബു പറഞ്ഞു.
കോട്ടയം നഗരത്തിൽ മാത്രം നന്പർ പ്ലേറ്റ് നിർമിച്ചു നല്കുന്ന 25 കടകളാണുള്ളത്. ഇതിൽ നൂറോളം പേർ ജോലി ചെയ്യുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും സമാന രീതിയിൽ ജോലി ചെയ്യുന്നവരുണ്ട്. വാഹന നിർമാതാക്കൾ തന്നെ നന്പർ പ്ലേറ്റ് നിർമിച്ചു നല്കുന്ന നിയമം പ്രാബല്യത്തിലായാൽ തങ്ങളുടെ കുടുംബങ്ങൾ എങ്ങനെ കഴിയുമെന്ന് ഇവർ ചോദിക്കുന്നു.
ഇപ്പോൾ നന്പർ പ്ലേറ്റ് നിർമാണത്തിനു പുറമെ സീൽ, സ്വിച്ച് ബോർഡ് എന്നിവയുടെ ജോലിയുമുണ്ട്. കംപ്യൂട്ടർവത്കരണം വന്നതോടെ സീൽ നിർമാണം കുറഞ്ഞു. ആകെയുള്ള വരുമാനം ഇപ്പോൾ നന്പർ പ്ലേറ്റ് നിർമാണത്തിലാണ്. അതും നിന്നു പോയാൽ മറ്റു വഴികളില്ല. ഈ രംഗത്തെ കടക്കാരുടെ ഫേസ്ബുക്ക് കൂട്ടായ്മയിലുടെ പുതിയ നീക്കത്തിനെതിരേയുള്ള പ്രതിഷേധം ഉയരുന്നുണ്ട്.
ഇത് രാജ്യവ്യാപകമായി പ്രചരിപ്പിച്ച് അധികൃതരെ പിൻതിരിപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു. പുതിയ വണ്ടി പുറത്തിറങ്ങുന്പോൾ നന്പർ ഉൾപ്പെടെ രേഖപ്പെടുത്തിയായിരിക്കുമെന്നാണ് കേന്ദ്ര മന്ത്രി പ്രസ്താവിച്ചത്. നന്പർ പ്ലേറ്റിന്റെ വിലകൂടി ഉൾപ്പെടുത്തിയാവും വാഹന വില ഈടാക്കുന്നത്. ആദ്യം നാലു ചക്ര വാഹനങ്ങളിലും പിന്നീട് മറ്റെല്ലാ വാഹനങ്ങളിലേക്കും ഇതു വ്യാപിപ്പിക്കുമെന്നും പറയുന്നു.