ഏതെങ്കിലും കാരണം കൊണ്ട് ബോഡി ഷെയിമിംഗിന് ഇരയാകാത്തവര് വളരെ വിരളമായിരിക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും വസ്ത്രധാരണത്തിന്റെ പേരിലോ നിറത്തിന്റെ പേരിലോ ഉയരത്തിന്റെ പേരിലോ കളിയാക്കലുകള്‍ എല്ലാവരും നേരിട്ടിട്ടുണ്ടാവും. പൊതു ഇടങ്ങളില്‍ ആളുകളുടെ മുമ്പില്‍ അപമാനിതരായിട്ടുണ്ടാവും. ഇങ്ങനെ ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്ന നുബി എന്ന യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി വൈറലാവുന്നത്. വേണ്ടപ്പെട്ടവര്‍ അപമാനിക്കുമ്പോഴാണ് കൂടുതല്‍ വേദന തോന്നുന്നതെന്നും ഇത്രയും വൃത്തികെട്ട പരിപാടി വേറൊന്നുമില്ലെന്നും നുബി പറഞ്ഞുവയ്ക്കുകയും ചെയ്യുന്നു. നുബിയുടെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ബോഡി ഷെയമിങ്ങിന്റെ അത്ര വൃത്തികെട്ട പരിപാടി വേറെ തോന്നിയിട്ടില്ല…
വിവരം വെക്കാത്ത പ്രായത്തില്‍ കുറച്ചു നിറം കുറവുള്ള കുട്ടികളോട് മിണ്ടാന്‍ എനിക്ക് വല്യ മടിയായിരുന്നു. അനിയന് ഉണ്ടായിക്കഴിഞ്ഞ ശേഷമാണ് അത് മാറിയത്. എന്റെ അനിയന് ഇരുനിറമാണ്.. അനിയന് ഉണ്ടായിക്കഴിഞ്ഞ് പോകുന്ന പരുപാടിക്കൊക്കെ അമ്മ നേരിടേണ്ടി വന്ന ചോദ്യമാണ് ‘മോന് കറത്തിട്ടാണ് ലേ? മോളുടെയും നിന്റേം നിറവും രസവുമൊന്നുമില്ലല്ലോ..അച്ഛന്റെ നിറമാ ലേ?’ ആദ്യമൊക്കെ ഇത് നോര്‍മലായി എടുത്തിട്ടുണ്ടെങ്കിലും 2 വയസായപ്പോള്‍ മുതല്‍ ഈ ചോദ്യങ്ങള്‍ അവന്റെ ഉള്ളിലും അപകര്‍ഷതാബോധം ഉണ്ടാക്കി തുടങ്ങി. ഞാനും അനിയനും തമ്മില്‍ 13 വയസ്സ് വ്യത്യാസം ഉണ്ട്. ചേച്ചിയെക്കാള്‍ ഒരു അമ്മയെപ്പോലെയാണ് ഞാനും അവനും. ചെറുപ്പത്തില്‍ പലപ്പോഴും അവന് പറഞ്ഞു കരയാറുണ്ട് അപ്പോഴൊക്കെ അവനെ ഞങ്ങള്‍ ‘നീ സൂപ്പറാടാ’ എന്ന് പറഞ്ഞു കൊണ്ടേയിരിക്കും .
ആ ഇടയ്ക്കാണ് അച്ഛന്റെ മാമന്റെ മോന്റെ കല്യാണം .എല്ലാര്ക്കും പുത്യേ ഡ്രെസ്സൊക്കെ എടുത്തു ഫുള്‍ സ്റ്റൈലില്‍ ആണ്. അനിയനേയും പതിവിലധികം പൗഡര്‍ ഒക്കെ ഇട്ട് അല്പം ഗമയോടെ ഞാനും നടന്നു. അങ്ങനെ വിരുന്നിന് ഞങ്ങള്‍ നടക്കാണ്. അന്ന് അല്ലു അര്ജുന് കത്തി നില്ക്കുന്ന സമയമാണ് അനിയന് അല്ലു അര്‍ജുന്റെ സ്റ്റൈലില്‍ മുടി ഒക്കെ ചീകി ആ സ്റ്റൈലില്‍ സ്ലോമോഷനില്‍ ആണ് നടപ്പൊക്കെ പെട്ടന്നാണ് ഒരു ബന്ധു ചോദിച്ചത് ‘ആഹാ ഇവന് കറുത്ത് മെലിഞ്ഞ് ഇന്ദ്രന്‍സിനെ കരിയില്‍ മുക്കിയ പോലെ ഉണ്ടല്ലോ’ അന്ന് നിന്ന നില്പ്പില് അമ്മ കരഞ്ഞിട്ടുണ്ട്.
കൂടെ ഞാനും. പാവം ഒന്നുമറിയാത്ത അനിയന്റെ മുഖത്തു നോക്കി പിന്നേം പിന്നേം ഞങ്ങള്‍ മത്സരിച്ച് കരഞ്ഞു.. അന്ന് ശരിക്കും മനസിലായതാ ബോഡി ഷെയമിങ്ങിന്റെ വേദന .അതില്‍ പിന്നെ തമാശയ്ക്ക് ആണെങ്കില്‍ പോലും ആരെയും നിറത്തിന്റെയോ തടിയുടെയോ ഉയരത്തിന്റെയോ ഇനി എന്തിന്റെ പേരിലാണെനിഖിലും കളിയാക്കാന്‍ തോന്നിയിട്ടില്ല. ആരെങ്കിലും പറയുന്നത് കേട്ടാല്‍ മുഖം അടിച്ചു പൊട്ടിക്കാന്‍ തോന്നാറുണ്ട്.
ഇപ്പൊ ഇതൊക്കെ പറഞ്ഞത് എന്തിനാണെന്ന് വെച്ചാല്‍ നമ്മള് ഓരോ ദിവസവും പലതരം വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരെ കാണുന്നവരാണ്. അവര്‍ തടിച്ചവരോ മേലിഞ്ഞവരോ കറുത്തവരോ വെളുത്തവരോ ഉയരം ഉള്ളവരോ ഇല്ലാത്തവരോ ആവട്ടെ കളിയാക്കുന്നതിന് മുന്‍പ് ആ സ്ഥാനത്ത് നമ്മളോ നമുക്ക് പ്രിയപ്പെട്ടവരോ ആണെന്ന് ഒന്ന് സങ്കല്പിക്കുക..കളിയാക്കാന്‍ ഉള്ള നാവ് കുറച്ചൊന്ന് താഴും…??
നബി :ന്റെ അനിയന് മുത്താണ്