നവാസ് മേത്തർ
തലശേരി: വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്വകാര്യ ഇടങ്ങളിലും നൂതനമായ ഒളികാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി അന്താരാഷട്ര സെക്സ് സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്ന സെക്സ് മാഫിയ കേരളത്തിൽ സജീവമാകുന്നതായി റിപ്പോർട്ട്.
പൈതൃക നഗരിയായ തലശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ സ്ഥാപിച്ച് ഷൂട്ട് ചെയ്ത വീഡിയോ ദൃശ്യങ്ങൾ അന്താരാഷ്ട്ര സെക്സ് സൈറ്റുകളിൽ വന്നതോടെയാണ് ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്.
അഞ്ചുപേർ അറസ്റ്റിലായ ഈ സംഭവത്തിൽ രാഷ്ട്രദീപിക വാർത്തകളെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും പോലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.
തലശേരിയിലെ ഒളികാമറ ദൃശ്യങ്ങളുടെ പിന്നാന്പുറങ്ങളിലേക്ക് രാഷ്ട്രദീപിക സഞ്ചരിക്കുന്നു.
ചുടു ചുംബനം നവ മാധ്യമത്തിൽ…
വിവാഹം നിശ്ചയിച്ച യുവതിയും യുവാവും സല്ലപിക്കാനാണ് തലശേരി നഗരത്തിലെ പ്രസിദ്ധമായ ഓവർബറീസ് ഫോളിയിൽ എത്തിയത്.
കടലിന്റെ ഭംഗി ആവോളം നുകർന്ന് ഇരുവരും അവിടെ ചെങ്കല്ലിൽ തീർത്ത കൂറ്റൻ ടവറിനു താഴെ നിന്ന് ചുടു ചുംബനങ്ങൾ കൈമാറി.
പിന്നീട് ഇരുവരും വീടുകളിലേക്ക് മടങ്ങി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ നവ മാധ്യമങ്ങളിൽ ഇരുവരുടേയും സല്ലാപ രംഗങ്ങൾ വൈറലായി. ഇതോടെ യുവാവും യുവതിയും പോലീസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തിൽ പിടിയിലായത് അഞ്ചുപേർ
അന്വേഷണത്തിനിറങ്ങിയ തലശേരി പോലീസിനെ ഞെട്ടിച്ചുകൊണ്ട് ഒളികാമറക്കു പിന്നിലെ അഞ്ചുപേർ വലയിലായി. ഇവരുടെ മൊബൈലുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.
പരാതിക്കാരുടെ വീഡിയോയും പോൺ വീഡിയോകളെ വെല്ലുന്ന വീഡിയോകളും ഉൾപ്പെടെ ആറ് ജോഡികളുടെ വീഡിയോ ദൃശ്യങ്ങൾ പ്രാഥമികാന്വേഷണത്തിൽ തന്നെ പോലീസ് കണ്ടെത്തി.
പിടിയിലായവരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അകമ്പടിയായി ബാസ്കറ്റ് ബോൾ ആരവം…
ദിവസങ്ങൾ പിന്നിട്ടപ്പോൾ നാൽപതിലേറെ വീഡിയോ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ എത്തി. അര ഡസനോളം വീഡിയോകൾ വിദേശ സൈറ്റുകളിലും ഇടം നേടി.
ഇന്ത്യയിൽ നിരോധനമുള്ള സൈറ്റുകളിലാണ് ഇവ തരംഗമായത്. പോൺ വീഡിയോകളെ വെല്ലുന്ന വീഡിയോകളും അതിൽ ഉണ്ടായിരുന്നു.
വിദേശ മലയാളികളിൽ ചിലരും ഇത് കണ്ടു. വീഡിയോകളിലെ ദൃശ്യങ്ങൾക്ക് അകമ്പടിയായി ഉയർന്ന ആരവങ്ങളിൽ തലശേരി ഭാഷയും കടന്നു വന്നു.
സംശയം തോന്നിയ തലശേരിക്കാരനായ വിദേശ മലയാളി നടത്തിയ അന്വേഷണത്തിൽ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് തലശേരി ഓവർ ബറീസ് ഫോളിയിൽ നിന്നാണെന്ന് കണ്ടെത്തി.
തൊട്ടടുത്തെ ബാസ്കറ്റ്ബോൾ കോർട്ടിൽ നിന്നായിരുന്നു വീഡിയോയിലെ അകമ്പടി ശബ്ദങ്ങൾ എത്തിയിരുന്നത്.
വാർത്തയായപ്പോൾ വീണ്ടും പോലീസ് അന്വേഷണം
വിവാഹ നിശ്ചയിച്ച യുവതിയും യുവാവും നൽകിയ പരാതിയിൽ ആദ്യം ഉണർന്ന് പ്രവർത്തിച്ച പോലീസ് പിന്നീട് അന്വേഷണം ഉപേക്ഷിച്ച നിലയിലായി.
ഇതിനിടയിലാണ് വിദേശ സൈറ്റുകളിൽ അപ്ലോഡ് ചെയ്ത ഒളികാമറ ദൃശ്യങ്ങൾ വൈറലായ വിവരം പുറത്തു വരുന്നതും രാഷ്ട്രദീപികയിൽ വാർത്തയായി പുറത്തുവരുന്നതും. തുടർന്ന് മറ്റ് മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു.
ഒളികാമറ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞതോടെ ഡിഐജി രാഹുൽ ആർ.നായർ, സിറ്റി കമ്മീഷണർ ആർ. ഇളങ്കോ എന്നിവർ ഇടപെട്ടു. വീണ്ടും വിഷയം ചൂടു പിടിച്ചു .
പോലീസ് ഉണർന്നു. രണ്ട് പേർ കൂടി അറസ്റ്റിലായി. പന്നൂരിലെ കൈനാടത്ത് വിജേഷ് (32), വടക്കുമ്പാട്ടെ അനീഷ് കുമാർ (36) എന്നിവരെയാണ് ഒടുവിൽ തലശേരി സി ഐ എം.വി ബിജുവും സംഘവും അറസ്റ്റ് ചെയ്തത്.
വിദേശ സൈറ്റുകളിൽ നിന്നുൾപ്പെടെ വീഡിയോ ദൃശ്യങ്ങൾ നീക്കം ചെയ്യാനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്.
ഒളികാമറ സ്ഥാപിച്ചത് ഭിത്തി തുരന്ന്…
സെക്സ് സൈറ്റുകളിലും നവ മാധ്യമങ്ങളിലും വൈറലായ വീഡിയോകൾ എല്ലാം ഷൂട്ട് ചെയ്തിരിക്കുന്നത് ഒരേ കേന്ദ്രത്തിൽ വെച്ചാണ്.
അതിനൂതനമായ കാമറകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ കേന്ദ്രത്തിൽ ഒരേ സ്ഥലത്ത് ഇത്രയേറെ വീഡിയോകൾ പുറത്തുവന്നത് ഞെട്ടലോടെയാണ് നാട്ടുകാർ കാണുന്നത്.
ഈ ദൃശ്യങ്ങളുടെ പ്രചാരം കൂടുന്തോറും പല കുടുംബങ്ങളും തകരുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
ചില സംഘങ്ങൾ ഈ വീഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗ് നടത്തുന്നതായും സൂചനയുണ്ട്. ഭിത്തി തുരന്ന് കാമറ സ്ഥാപിച്ചാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പിന്നിലെ കരങ്ങൾ കാണാമറയത്ത്
തലശേരിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ ചൂടൻ രംഗങ്ങൾ വിദേശ സെക്സ് സൈറ്റുകളിൽ എത്തിയതിനു പിന്നിലെ കരങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
സൈറ്റുകളിൽ ഇത്തരം വീഡിയോകൾ അപ് ലോഡ് ചെയ്ത് വൻ സാമ്പത്തിക നേട്ടം കൊയ്യുന്ന സംഘമാണ് ഇതിനു പിന്നിലുളളതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക നിഗമനം.
ഇതു സംബന്ധിച്ച അന്വഷണത്തിന് ശ്രമിച്ച ചില പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് മുന്നറിയിപ്പുകളാണ്.
ചില സൈറ്റുകളിൽ കയറി അന്വേഷണത്തിന് ശ്രമിച്ചപ്പോഴാണ് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ലഭിച്ചത്.
അതോടെ പോലീസ് സ്വന്തം നിലയ്ക്കുള്ള അന്താരാഷ്ട്ര അന്വേഷണത്തിന് പരിധി നിശ്ചയിച്ച് സൈബർ സെല്ലിന്റെയും ഫോറൻസിക് ലാബിന്റെയും സഹായം തേടിയിരിക്കുകയാണ്.
പ്രതികളിൽ ചിലർ പോലീസ് അന്വഷിക്കുന്നതറിഞ്ഞ് തങ്ങളുടെ മൊബൈൽ ഫോണുകൾ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഒരാൾ മൊബൈൽ കടലിലേക്ക് എറിഞ്ഞതായും റിപ്പോർട്ടുണ്ട്.
പണം കൊയ്യാൻ ഒളികാമറ സംഘങ്ങൾ
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടക്കുന്ന സ്വകാര്യ നിമിഷങ്ങൾ പകർത്തി പണം കൊയ്യുന്ന ഒളികാമറ സംഘങ്ങൾ കേരളത്തിലുടനീളം സജീവമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന പ്രണയ ജോഡികൾ വിനോദ സഞ്ചാരം മറന്ന് അവിടെ കിടപ്പറയാക്കി മാറ്റുന്നുണ്ട്.
ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഒളികാമറകൾ ഒളിയിടങ്ങളിൽ ഒരുങ്ങി നിൽക്കുന്നത്. മൊബൈൽ ഫോൺ കൊണ്ടുള്ള നിലവിട്ട ചിത്രീകരണങ്ങൾ പലപ്പോഴും പിടിയിലാകാറുണ്ടെങ്കിലും അതിനൂതനമായ ഹിഡൻ കാമറകൾ ഇന്ന് വിപണിയിൽ സുലഭമാണ്.
ബട്ടൻ കാമറ, പെൻ കാമറ, സ്പെക്സ് കാമറ, പേഴ്സ് കാമറ എന്നിങ്ങനെ അതി നൂതനമായ കാമറകളാണ് വിദേശത്തു നിന്നും ഇവിടെ എത്തുന്നത്.