പാരിസ്: പൂർണനഗ്നരായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയില്ല. എന്നാൽ ഈ ഹോട്ടലിൽ ലഭിക്കുന്ന വിശിഷ്ട ഭക്ഷണം കഴിക്കണമെങ്കിൽ പൂർണനഗ്നരായേ പറ്റൂ. അത്രയ്ക്ക് കർശന നിബന്ധനയാണ് ഇക്കാര്യത്തിൽ ഹോട്ടൽ അധികൃതർക്കുള്ളത്. അതിന് തയാറുള്ളവർക്ക് ഫ്രാൻസിലെ പാരീസിലേക്ക് പോകാം. ഫ്രാൻസിലെ തന്നെ ആദ്യത്തെ നഗ്ന റസ്റ്ററന്‍റാണ് ഇക്കഴിഞ്ഞദിവസം പാരീസിൽ പ്രവർത്തനം ആരംഭിച്ചത്.
“ഒ നാച്ചുറൽ’എന്നാണ് റസ്റ്ററന്‍റിന്‍റെ പേര്. 40 സീറ്റുകളുള്ള റസ്റ്ററന്‍റിൽ പാരീസ് നാച്ചുറിസ്റ്റ് അസോസിയേഷന് മാത്രമായി അത്താഴം വിളന്പാനും സാധിക്കും. വെറും 26 ഡോളർ മാത്രമേ (ഏതാണ്ട് 1600 രൂപ) ആഹാരത്തിന് നൽകേണ്ടതുള്ളൂ. റസ്റ്ററന്‍റിൽ പ്രവേശിക്കുന്നതിന് മുന്പായി തന്നെ വസ്ത്രങ്ങളെല്ലാം അഴിച്ചു നൽകണം. അതെല്ലാം സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്.
ആഹാരം കഴിച്ച് മടങ്ങുന്ന സമയത്ത് വസ്ത്രങ്ങളെല്ലാം തിരികെ ലഭിക്കും. അത്യാധുനിക സൗകര്യങ്ങൾ തന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വഴിയാത്രക്കാർ ഇവിടേക്ക് ഒളിഞ്ഞു നോക്കാതിരിക്കാനായി കാഴ്ചയും മറച്ചിട്ടുണ്ട്. ലണ്ടനിൽ കഴിഞ്ഞ വർഷം ഇത്തരത്തിലൊരു നഗ്ന റസ്റ്ററന്‍റ് തുറന്നിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് പാരീസിലും ഇത്തരമൊരു റസ്റ്ററന്‍റ് ആരംഭിച്ചത്.
റിപ്പോർട്ട്: ജോർജ് ജോണ്‍