കൊച്ചി: വീട്ടമ്മയുടേതെന്ന പേരില്‍ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ കുറ്റവാളികളെ കണ്ടെത്താതെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്.
തൊടുപുഴ സ്വദേശി ശോഭ സജുവാണ് രണ്ടു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ തന്റെതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ വ്യാജമാണെന്നു തെളിയിച്ചത്. ദൃശ്യങ്ങളുടെ ആധികാരികത നിര്‍ണയിക്കാന്‍ പോലീസ് തുടരെ പരാജയപ്പെട്ടപ്പോള്‍ ഡിജിപിയെ നേരില്‍ കണ്ടാണ് ഇവര്‍ നീതി ഉറപ്പാക്കിയത്.
എന്നാല്‍, നഗ്നദൃശ്യത്തിന്റെ ഉറവിടവും ഇതിനു പിന്നിലുള്ള കുറ്റവാളികളെയും കണ്ടെത്തുന്നതില്‍ അന്വേഷണം നടത്താതെ കുറ്റപത്രം നല്കി പോലീസ് നടപടി അവസാനിപ്പിച്ചിരിക്കുകയാണ്. കുറച്ചു പേരുടെ മൊഴിയെടുക്കുകയല്ലാതെ മറ്റൊന്നും ഇക്കാര്യത്തില്‍ പോലീസ് ചെയ്തിട്ടില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറിപ്പോകുകയും ചെയ്തതോടെയാണു കുറ്റപത്രം സമര്‍പ്പിച്ചു പോലീസ് അന്വേഷണം അവസാനിപ്പിച്ചത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് തനിക്കു ലഭിച്ചുവെന്നും അതില്‍ ദൃശ്യങ്ങളുടെ ഉറവിടത്തെക്കുറിച്ച് ഒന്നുമില്ലെന്നും ശോഭ സജു പറഞ്ഞു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായി വീണ്ടും ഡിജിപിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.