രാത്രിയില്‍ നഗ്നനായി കവര്‍ച്ച നടത്തുന്ന കള്ളന്‍ പിടിയില്‍. തിരുവല്ലയ്ക്കടുത്ത് തകഴിയിലാണ് സംഭവം.
പകല്‍ ഓട്ടോറിക്ഷ ഓടിക്കലും രാത്രി കവര്‍ച്ചയുമാണ് രീതി. തകഴി സ്വദേശി സോജനാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി തലവടിയിലെ ഒരു വീട്ടിലാണ് ഇയാള്‍ മോഷണത്തിന് എത്തിയത്.
ഈ വീട്ടിലെ പെണ്‍കുട്ടിയുടെ മാല പറിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സോജന്‍ ഓടി രക്ഷപെടുകയായിരുന്നു.
ഈ സമയം ഇയാള്‍ പൂര്‍ണ്ണ നഗ്‌നനായിരുന്നു. പച്ച ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയായ സോജന്‍ തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം ഓട്ടോ പാര്‍ക്ക് ചെയ്തിട്ടാണ് മോഷണത്തിനായി പുറപ്പെട്ടത്.
അഞ്ഞൂറ് മീറ്ററോളം നടന്ന് മറ്റൊരു വീടിന്റെ സമീപത്ത് മൊബൈല്‍, തിരിച്ചറിയല്‍ കാര്‍ഡ് അടങ്ങുന്ന പേഴ്‌സ്, അടിവസ്ത്രം മറ്റ് വസ്ത്രങ്ങള്‍ എന്നിവ പൊതിഞ്ഞ് വെച്ചതിനു ശേഷം ലക്ഷ്യമിട്ട വീട്ടില്‍ കയറുകയായിരുന്നു.
അന്വഷണത്തിനിടയിലാണ് നാട്ടുകാര്‍ ഇയാളുടെ സാധനസാമഗ്രികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ സോജന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചു.
ഫോണ്‍ വഴിയില്‍ നിന്ന് കണ്ടെത്തിയതാണെന്നും സ്ഥലം എവിടെയാണെന്നും അന്വേഷിച്ചറിഞ്ഞു. പിന്നീട് തൊണ്ടി മുതല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എടത്വാ പോലീസിന് കൈമാറി.
ആളെ മനസിലായതോടെ ഇന്നലെ രാവിലെ പച്ച ജംഗ്ഷന് സമീപത്ത് വെച്ച് സോജനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സമാന രീതിയില്‍ ആറോളം കവര്‍ച്ചാ കേസുകള്‍ സോജന്റെ പേരിലുണ്ട് .