വീഡിയോകോള്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു. വാട്സാപ്പ്്, ഫേസ്ബുക് മെസഞ്ചര്‍ വീഡിയോ കോളില്‍ നഗ്നദൃശ്യം കാണിച്ച് ചാറ്റുകള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്.
വീഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടുകയും ഇര അതു കാണുന്നതടക്കമുള്ള സ്‌ക്രീന്‍ ഷോട്ടുകളോ വീഡിയോയോ പകര്‍ത്തുകയുമാണു തട്ടിപ്പുകാര്‍ ചെയ്യുന്നത്.
സ്ത്രീയാണ് ഇരയെങ്കില്‍ പുരുഷന്റെ ദൃശ്യമാണു കാണിക്കുക പുരുഷനെയാണു ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചും.
ഇതിന് ശേഷം വീഡിയോ കോളില്‍ നഗ്‌നത കണ്ടു രസിച്ചുവെന്ന് വരുത്തി തീര്‍ക്കും. പിന്നെ ബ്ലാക് മെയിലിംഗും. ഇത്തരം കേസുകള്‍ കൂടുന്നതു കൊണ്ടാണ് പൊലീസ് ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്‌ക്രീന്‍ഷോട്ട് ഇരയ്ക്കുതന്നെ അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. നാണക്കേടോര്‍ത്തു പണം കൊടുത്താല്‍ കൂടുതല്‍ പണം വേണമെന്ന ആവശ്യമുയരും.
പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാട്സാപ്പിലേക്കോ ഫേസ്ബുക്ക് മെസഞ്ചറിലേക്കോ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കും.
തുടര്‍ച്ചയായി പണം നല്‍കിയ ശേഷമാണു പലരും പരാതി നല്‍കുന്നതെന്ന് പൊലീസ് പറയുന്നു. ആളുകളെ വ്യക്തമായി മനസ്സിലാക്കിയാണ് ഇരകളെ കണ്ടെത്തുന്നത്.
അതുകൊണ്ടാണ് കൂട്ടുകാരുടെ നമ്പര്‍ പോലും ഈ സംഘത്തിന് അറിയാവുന്നതിന് കാരണമെന്ന് പോലീസ് തിരിച്ചറിയുന്നു.
അന്വേഷണം ഒരു ഘട്ടത്തിലും മുമ്പോട്ട് പോകുന്നില്ല. ഉത്തരേന്ത്യയിലെടുത്ത ഫോണ്‍ നമ്പറുകളില്‍നിന്നാണു കോളുകളെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും തട്ടിപ്പുകാരെ കണ്ടെത്തുക പ്രയാസമാണെന്നും പോലീസ് പറയുന്നു.
അതുകൊണ്ട് തന്നെ ചതിയില്‍ വീഴരുതെന്നാണ് നിര്‍ദ്ദേശം. അപരിചിത നമ്പറില്‍ നിന്നുള്ള വാട്സാപ്, മെസഞ്ചര്‍ വിഡിയോ കോള്‍ എടുക്കരുത്. അപരിചിതരുമായി വാട്സാപ്പിലോ മെസഞ്ചറിലോ ചാറ്റ് ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെടുന്നു.