കടുത്തുരുത്തി: അയൽവീട്ടിലേക്ക് നോക്കി നഗ്നതാ പ്രദർശനം നടത്തിയതിന് വീട്ടുകാർ പരാതി നൽകിയതോടെ വിഷം കുടിച്ച ശേഷം കൈഞരന്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 58 കാരന്റെ സ്ഥിതി ഗുരുതരം.
കോതനല്ലൂർ സ്വദേശിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. രക്തം വാർന്നു കിടന്ന ഇയാളെ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ദിവസങ്ങളായി ഇയാൾ പെണ്‍കുട്ടികൾ ഉൾപ്പെടെ സ്ത്രീകൾ കുടുംബമായി താമസിക്കുന്ന വീട്ടിലേക്ക് നോക്കി പലപ്പോഴും നഗ്നതാ പ്രദർശനവും അസഭ്യവർഷവും നടത്തി വരികയായിരുന്നു.
പലപ്പോഴും വീട്ടുകാർ പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയെങ്കിലും ഇയാളുടെ ശല്യം ദിനംപ്രതി വർധിച്ചുവന്നു.
ഇന്നലെ രാവിലെ സ്ത്രീകൾ ഇയാളുടെ ആഭാസത്തരം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു. തുടർന്ന് തെളിവുസഹിതം കടുത്തുരുത്തി പോലീസിൽ പരാതി നൽകി. പോലീസ് ഇയാളോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു.
ഇതോടെ വിഷം കുടിച്ച ശേഷം ഇയാൾ കൈ ഞരന്പ് മുറിച്ചു തങ്ങളുടെ വീട്ടിലെത്തി രക്തം തെറിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.
രക്തം ഒഴുകി ബോധരഹിതനായ ഇയാളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരാതി സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.