കൊച്ചി: നഗ്നതയെ എല്ലായ്പ്പോഴും അശ്ലീലവും അസഭ്യവുമായി കാണാനാവില്ലെന്ന് ഹൈക്കോടതി. അര്‍ധനഗ്ന മേനിയില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ചു വീഡിയോ നിര്‍മിച്ച കേസില്‍ സോഷ്യല്‍ ആക്ടിവിസ്റ്റായ യുവതിയെ കുറ്റവിമുക്തയാക്കിയ കേസിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
വീഡിയോയില്‍ യുവതി അര്‍ധനഗ്നമേനി പ്രദര്‍ശിപ്പിച്ചത് അശ്ലീലവും അസഭ്യവുമാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം കോടതി തള്ളി. സ്ത്രീശരീരത്തെ ലൈംഗികവത്കരിക്കുന്നതിലുള്ള പ്രതിഷേധമായി തയാറാക്കിയ വീഡിയോയില്‍ ഈ ദൃശ്യം അനിവാര്യമാണ്. അതിനെ അശ്ലീലവും അസഭ്യവുമായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു.
രാജ്യത്തെമ്പാടുമുള്ള പുരാതന ക്ഷേത്രങ്ങളിലുള്‍പ്പെടെ അര്‍ധ നഗ്ന പ്രതിമകളും ചുവര് ചിത്രങ്ങളും പ്രതിഷ്ഠകളും കാണാനാവും. ഇത്തരം പ്രതിമകളൊക്കെ ദൈവികമായി കരുതപ്പെടുന്നു. അര്‍ധനഗ്ന ദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളില്‍ പ്രാര്‍ഥിക്കുമ്പോള്‍ ലൈംഗികതയല്ല ദൈവികതയാണ് അനുഭവപ്പെടുന്നത്.
പുലികളിയിലും തെയ്യത്തിലും പുരുഷ ശരീരത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. സിക്സ് പാക്ക് മസിലുള്‍പ്പെടെ കാണിച്ചുള്ള പുരുഷ ശരീര പ്രദര്‍ശനങ്ങള്‍ക്കും കുഴപ്പമില്ല. ഷര്‍ട്ടിടാതെ പുരുഷന്മാര് നടക്കാറുണ്ട്. ഇവയൊന്നും അശ്ലീലമായി കരുതുന്നില്ല. എന്നാല്‍ സ്ത്രീ ശരീരത്തിന്റെ കാര്യത്തില്‍ കാഴ്ചപ്പാട് മാറുന്നു.
ചിലര്‍ അതിനെ അതിലൈംഗികതയായി കാണുന്നു. സമൂഹത്തിലെ ഈ ഇരട്ടത്താപ്പു തുറന്നു കാട്ടാനാണ് ഹര്‍ജിക്കാരി വീഡിയോ അപ് ലോഡ് ചെയ്തത്. ദൃശ്യങ്ങള്‍ ഒരു സാധാരണക്കാരന്റെ കാമാസക്തി വര്‍ധിപ്പിക്കുമെന്നോ അയാള്‍ അധ:പതിക്കാന്‍ കാരണമാവുമെന്നോ പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.