ന്യൂഡൽഹി: പരിഷ്കരിച്ച സ്വകാര്യതാ നയം അംഗീകരിപ്പിക്കുന്നതിനായി വാട്സ്ആപ് ഉപയോക്താക്കളിൽ കൗശലവിദ്യകൾ പ്രയോഗിക്കുകയാണെന്ന് കേന്ദ്ര സർക്കാർ.
വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
വാട്സ്ആപ് ജനുവരിയിൽ കൊണ്ടുവന്ന പരിഷ്കരിച്ച സ്വകാര്യത നയത്തിനെതിരേ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതുസംബന്ധിച്ച കേസിലാണ് കേന്ദ്ര സർക്കാർ ഇന്നലെ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
രാജ്യത്ത് ഡേറ്റ സംരക്ഷണ നിയമം നിലവിൽ വരുന്നതിനു മുന്പ് വാട്സ്ആപ്പിന്റെ സ്വകാര്യത നയം അംഗീകരിപ്പിക്കാനാണ് നീക്കം. പുതിയ നയത്തിന്റെ പേരിൽ ചൂഷണമാണ് നടക്കുന്നത്.
തങ്ങളുടെ സ്വകാര്യത നയം അംഗീകരിക്കാത്തവർക്ക് വാട്സ്ആപ് നിരന്തരം നോട്ടിഫിക്കേഷൻ അയയ്ക്കുകയാണ്.
ഉപയോക്താക്കൾ ഇത് അംഗീകരിക്കുന്നതോടെ വിവരങ്ങൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നു.
ഉപയോക്താക്കളുടെ സ്വമേധയായുള്ള അനുമതിയില്ലാതെ വിവരങ്ങൾ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നത് അന്വേഷണ വിധേയമാക്കണം.
ഇക്കാര്യത്തിൽ കൗശലത്തിലൂടെ ഉപയോക്താക്കളുടെ സമ്മതം നേടിയെടുക്കാനാണ് ശ്രമമെന്നും ഇതിന്റെ ഭാഗമായുള്ള നോട്ടിഫിക്കേഷൻ ഉപയോക്താക്കൾക്ക് അയയ്ക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.