സ്വന്തം ലേഖകന്‍
കോഴിക്കോട്: രാത്രികാലങ്ങളിലുള്‍പ്പെടെ നമ്പര്‍ പ്ലേറ്റ് മനഃപൂര്‍വ്വം മറച്ച് ടിപ്പർ- ചരക്കുലോറികള്‍ നിരത്തിലൂടെ പറക്കുന്നു .ഇതരസംസ്ഥാന ലോറികള്‍ ഉള്‍പ്പെടെ സുരക്ഷയ്ക്കെന്നപേരില്‍ വലിയ ഇരുമ്പുദണ്ഡുകള്‍ നമ്പര്‍ പ്ലേറ്റിന് കുറുകേ ഘടിപ്പിച്ചും സമാന്തരമായി ചങ്ങലതൂക്കിയും നമ്പര്‍ പ്ലേറ്റ് ഭാഗികമായി മറയ്ക്കുകയാണ്. നിയമലംഘനം നടത്തിയാല്‍ പോലും പെട്ടെന്ന് പോലീസിനോ, കാമറകണ്ണുകള്ക്കോ പിടിക്കാന്‍ കഴിയാത്തവിധമാണ് നമ്പര്‍ പ്ലേറ്റ് വിദഗ്ദമായി മറയ്ക്കുന്നത്.
ഇത്തരം വാഹനങ്ങള്‍ വരുത്തുന്ന അപകടങ്ങള്‍ സമീപകാലത്തായി ഏറിവരുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ബാലുശ്ശേരി മുക്കിന് സമീപം അര്‍ധരാത്രിയില്‍ സ്കൂട്ടര്‍യാത്രക്കാരനെ ലോറിയിടിച്ച സംഭവവും ഉണ്ടായി. യാത്രക്കാരന് തെറിച്ചുവീണ മാത്രയില്‍ തന്നെ ലോറി നിര്‍ത്താതെപോയി. ഇതുവരെ ലോറി പിടികൂടാനായിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സമീപത്തെ സിസിടിവി കാമറകളെയോ, ദൃക്സാക്ഷികളേയോ ആണ് പോലീസ് പ്രധാനമായും ആശ്രയിക്കാറ്.
എന്നാല്‍ ഒറ്റനോട്ടത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ കാണാന്‍ കഴിയാത്തവിധം വിദഗ്ദമായി മറച്ചതിനാല്‍ അന്വേഷണം എങ്ങുമെത്തിയില്ല. പിറകില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചാല്‍ വാഹനത്തിന് പരിക്കേല്ക്കാതിരിക്കാനെന്ന പേരിലാണ് വലിയ ഇരുമ്പു ദണ്ഡ് പിറകില്‍ ഘടിപ്പിക്കുന്നത്. ടാങ്കര്‍ ലോറികള്‍ , മത്സ്യം, കോഴി എന്നിവയുമായി എത്തുന്ന ഇതരസംസ്ഥാന ലോറികള്‍ എന്നിവയെല്ലാം പലപ്പോഴും നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുകൊണ്ടാണ് ഓടുന്നത്.
അപകടമുണ്ടായാല്‍ നിര്‍ത്താതെ പോകുക എന്നലക്ഷ്യം വച്ചാണിത്. നമ്പര്‍ പെട്ടെന്നു തിരിച്ചറിയാനാവാത്ത വിധം ടാര്‍പോളിന്‍ കൊണ്ടു മറച്ച് ഓടുന്ന വാഹനങ്ങളും സര്‍വസാധാരണമാണ്. ഇതര സംസ്ഥാനത്ത് നിന്നുള്ള ദീര്ഘയാത്രയിലായതിനാല് ചരക്ക് വാഹനങ്ങള്‍ മണ്ണും പൊടിയും ചെളിയും കൊണ്ടു നിറഞ്ഞിരിക്കും.ഇതോടെ നമ്പര്‍ പ്ലേറ്റ് കാണാന്‍ കഴിയാത്ത വിധമാകുന്നു.ഇതും ഇത്തരം വാഹനങ്ങള്‍ക്ക് അനുഗ്രഹമാകുന്നു.
അപകടത്തിനിടയാക്കിയ വാഹനങ്ങളെ തിരിച്ചറിയുന്നത് പലപ്പോഴും നമ്പര്‍ പരിശോധിച്ചാണ്. എന്നാല്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇത്തരം വാഹനങ്ങള്‍ക്ക് എളുപ്പമാണ്. സമീപകാലത്ത് അപകടമുണ്ടാക്കി പോകുന്ന വാഹനങ്ങളില്‍ ഏറെയും നമ്പര്പ്ലേറ്റില്ലാത്തവയാണെന്നു കണ്ടെത്തിയിട്ടുണ്ട്.ചില വാഹനങ്ങളുടെ നമ്പര്‍ പതിച്ച പ്ലേറ്റുകള്‍ തുരുമ്പിച്ചതും അക്കങ്ങള്‍ മാഞ്ഞതുമാണെന്ന് മേട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
അതേസമയം പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ചരക്കുലോറി ഉള്‍പ്പെടെയുള്ള പഴയലോറികള്ക്ക് കൂടി ബാധകമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മോട്ടോർ വാഹനവകുപ്പിന് എൻഫോഴ്സ്മെന്റ് വിഭാഗം ഉൾപ്പെടെ സംവിധാനങ്ങൾ ഉണ്ടായിട്ടും നന്പർമറച്ച വാഹനങ്ങൾക്കെതിരെ കാര്യമായ നടപടി സ്വീകരിക്കുന്നില്ല. റോഡിലെ പരിശോധന കുറവായതാണ് കാരണം.
വയനാട് ചുരത്തിന്റെ തുടക്കഭാഗത്ത് കാത്തുനിന്നാൽ പ്രതിദിനം ഇത്തരം നിരവധി വാഹനങ്ങൾ പിടികൂടാനാകും.ഇത്തരം വാഹനങ്ങളുടെമറിച്ചുവച്ച ഭാഗത്തിന്റെ ഫോട്ടോയും യഥാര്‍ഥ നമ്പറും സഹിതം 9447728758 നമ്പറില്‍ വാട്സ്ആപ് ചെയ്താൽ കര്‍ശന നടപടി എടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എം.ഷബീര്‍ അറിയിച്ചു.