പാറശാല: ആന്ധ്രാ പ്രദേശിൽ നിന്നും വ്യാജ നമ്പർ പ്ലേറ്റുമായിവന്ന ടൂറിസ്റ്റ് ബസിനെ പാറശാല ആർ ടിഒ ചെക്ക്പോസ്റ്റ് അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനത്തെയും ഡ്രൈവറെയും പോലീസിന് കൈമാറി. കുറുംകുട്ടിയിൽ പ്രവർത്തിക്കുന്ന ആർടിഒ ചെക്ക് പോസ്റ്റാധികൃതരാണ് വാഹനം പിടിച്ചെടുത്തത്.
കെ എൽ 34 4680 നമ്പറിലുള്ള ടൂറിസ്റ്റ് ബസ് ആന്ധ്രയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളുമായി ആർടിഒ ചെക്ക്പോസ്റ്റിലെത്തിയപ്പോൾ രേഖകൾ പരിശോധിച്ച അധികൃതർക്ക് സംശയം തോന്നി വിശദമായ പരിശോധന നടത്തുകയും വാഹനത്തിലെ എൻജിൻ നമ്പറും ചെയ്സിസ് നമ്പറും ഈ വാഹനത്തിന്റേതല്ലെന്നു മനസിലാക്കിയാണ് പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം 2012 ൽ ആന്ധ്ര പ്രദേശിലെ അനന്തപുരയിലെ മംഗളവാർ കോളനിയിൽ ജയലളിത ബാച്ചാല വിലക്കുവാങ്ങുകയും അതിന്റെ എൻജിൻ നമ്പർ ബിപി എച്ച് 457024 ഉം ചെയ്സിസ് നമ്പർ ബി ഡി എഫ് 618577 ഉം ആണ് .എന്നാൽ വാഹനത്തിലുണ്ടായിരുന്ന എൻജിൻ നമ്പർ 278379 ഉം ,ചെയ്സിസ് നമ്പർ 278379 ആണ്. ഇതേ തുടർന്ന്, വാഹനം വ്യാജ രേഖയാണെന്നു തെളിഞ്ഞു.
കോഴിക്കോട് ആർ ടി ഓഫീസിൽ നിന്നും മൈസൂരിലെ ആർ ടി ഓഫീസിലേക്ക് ഉടമസ്ഥാവകാശവും രജിസ്ട്രേഷനും മാറ്റുവാൻ വേണ്ടി കൊണ്ട് പോയതാണെന്നും വാഹനത്തിലുണ്ടായിരുന്ന രേഖകൾ പ്രകാരം അഞ്ചു വർഷമായിട്ടും ഉടമസ്ഥവകാശം മാറ്റാത്തതെന്തെന്നുനടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് അറിയാൻ കഴിഞ്ഞതെന്നും കേരള രജിസ്ട്രേഷനാകുമ്പോൾ ഇവിടത്തെ നികുതി അടക്കണ്ടെന്നും അതാണ് ഇത്തരത്തിൽ വ്യാജ രേഖ ഉപയോഗിച്ച് വരാൻ കാരണമെന്നും യഥാർഥ വാഹനം മൈസൂരിൽ ഓടുന്നുണ്ടന്നും പാറശാല ചെക്ക് പോസ്റ്റിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് പറഞ്ഞു.