അമ്പലപ്പുഴ: മടക്കിവയ്ക്കാവുന്ന തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച രണ്ട് ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. 16 വയസുകാരൻ ഓടിച്ച സ്കൂട്ടറും പരിശോധനക്കിടെ പിടികൂടി.
നീർക്കുന്നം ഭാഗത്തു വെച്ച് ഇന്നലെ ഉച്ചയോടെ ഇന്റർ സെപ്റ്റർ പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. കൈ കാണിച്ചെങ്കിലും ബൈക്ക് നിർത്താതെ പോകുകയായിരുന്നു.
എന്നാൽ വാഹനത്തിന്റെ നമ്പർ ഇന്റർ സെപ്റ്റർ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിൽ പതിഞ്ഞിരുന്നു.തുടർന്ന് ഈ നമ്പരിൽ നിന്ന് ആർ.സി. ബുക്കിൽ ലഭിച്ച മേൽവിലാസത്തിന്റെ അടിസ്ഥാനത്തിൽ ഉടമസ്ഥനെ ബന്ധപ്പെട്ടു.
പിന്നീടാണ് ബൈക്ക് ഓടിച്ച ആലപ്പുഴ ആലിശേരി അരയൻ പറമ്പ് വീട്ടിൽ ആദർശ് എത്തിയത്. ന്യൂ ജനറേഷൻ വിഭാഗത്തിൽപ്പെട്ട ഈ ബൈക്കിന്റെ പിൻ ഭാഗത്തെ നമ്പർ പ്ലേറ്റ് മടക്കി വയ്ക്കാവുന്ന തരത്തിലാണ് ഘടിപ്പിച്ചിരുന്നത്.
ഇതേ രീതിയിലുള്ള മറ്റൊരു ബൈക്കും പരിശോധനക്കിടെ പിടികൂടി. കുറ്റകൃത്യങ്ങൾ നടത്താനാണ് യുവാക്കൾ ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നതെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിഷോർ പറഞ്ഞു.
16 വയസുകാരൻ സ്കൂട്ടർ ഓടിച്ച കേസിൽ ആർ.സി.ബുക്ക് ഉടമസ്ഥനായ നീർക്കുന്നം ചാണയിൽ നജീമക്കെതിരെ കേസെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ആർ.സി ഒരു വർഷത്തേക്ക് റദ്ദ് ചെയ്യുമെന്നും വാഹനമോടിച്ച കുട്ടിക്ക് 25 വയസു വരെ ലൈസൻസ് നൽകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താവിന് 3 വർഷം തടവും 25,000 രൂപ പിഴയും ഒടുക്കണമെന്നാണ് പുതിയ നിയമം.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശരൺ കുമാർ.എസ്.എൻ, അനു.കെ.ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്