പനാജി: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി. 2014 മിസ് ഇന്ത്യ ഫൈനലിസ്റ്റും അവതാരകയും മോഡലുമായ സഞ്ജന ഗണേശനാണ് വധു.
വിവാഹവാർത്തയും ചിത്രങ്ങളും ബുംറതന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ഞായറാഴ്ച ഗോവയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
വിവാഹ ഒരുക്കങ്ങൾക്കായി ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ട്വന്റി-20 പരന്പരയിലും ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.
ഇരുപത്തെട്ടുകാരിയായ സഞ്ജന ഐപിഎൽ, പ്രീമിയർ ബാഡ്മിന്റണ്‍ ലീഗ് എന്നിവയുടെ അവതാരികയായിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായുള്ള അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ചായിരുന്നു ബുംറ സഞ്ജനയ്ക്ക് മിന്നുകെട്ടിയത്.
ബുംറയ്ക്ക് ബിസിസിഐ അവധി നൽകിയപ്പോൾ മുതൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.