പ്രവാസി ഇന്ത്യക്കാരിയും കലാകാരിയായ നൂപുര്‍ സരസ്വതിയ്ക്കാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. പരിപാടികളുടെ ഭാഗമായി സിംഗപ്പൂരില്‍നിന്ന് ഇന്ത്യയിലെത്തിയതായിരുന്നു നൂപുര്‍. ഓണ്‍ലൈന്‍ മുഖാന്തരം ബുക്ക് ചെയ്ത ശേഷം താമസിക്കാനെത്തിയ 22 കാരിക്ക് ഹോട്ടല്‍ അധികൃതര്‍ മുറി നിഷേധിക്കുകയായിരുന്നു. യുവതി ‘തനിച്ചാണെന്ന’ ന്യായം ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഹോട്ടല്‍ അധികൃതര്‍ മുറി നല്‍കാതിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ‘തനിച്ചെത്തുന്ന വനിതാ യാത്രക്കാര്‍ക്ക്’ മുറി നല്‍കാറില്ലെന്നായിരുന്നു ഹോട്ടലിന്റെ വാദം. തുടര്‍ന്ന് ഓണ്‍ലൈന്‍ ബുക്കിംഗ് സെന്ററുമായി ബന്ധപ്പെടാനും ഹോട്ടല്‍ അധികൃതര്‍ നൂപുറിന് നിര്‍ദേശം നല്കി. പിന്നീട് ഓണ്‍ലൈന്‍ ബുക്കിംഗ് സെന്റര്‍ പ്രതിനിധികള്‍ സ്ഥലത്തെത്തുകയും വേറെ താമസസൗകര്യം നൂപുറിന് ശരിയാക്കി കൊടുക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ചുള്ള നുപുറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. 1500ല്‍ അധികം ആളുകളാണ് ഇതിനോടകം പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. 2600 ല്‍ അധികം ആളുകള്‍ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തു. നൂപുറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
‘ഞാന്‍ ഹൈദരാബാദിലെ ഒരു ഹോട്ടലിന്റെ പുറത്തു നില്‍ക്കുകയാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടും, ഞാന്‍ ‘സിംഗിള്‍ ലേഡി’ ആയതുകൊണ്ടാണ് എന്നെ അവര്‍ താമസിക്കാന്‍ അനുവദിക്കാത്തത്. കൈയില്‍ വലിയൊരു ബാഗുമായാണ് ഹോട്ടലിന്റെ പുറത്തു നില്‍ക്കുന്നത്. ഒറ്റയ്ക്കുള്ള ഒരു സ്ത്രീ ഹോട്ടലിനകത്ത് താമസിക്കുന്നതിനേക്കാള്‍ തെരുവില്‍ ചെലവഴിക്കുന്നതാണ് സുരക്ഷിതം എന്നവര്‍ കരുതിയിരുന്നിരിക്കണം. പുരുഷമേധാവിത്വം ഏതെല്ലാം രീതിയിലാണ് നിലനില്‍ക്കുന്നത്. ഇത്തരത്തിലൊരു വിവേചനം നേരിടേണ്ടി വരുന്നത് ആദ്യമായാണ്. ഈ പോസ്റ്റ് ഇടാനും നിങ്ങളെല്ലാവരെയും ഈ സംഭവത്തേക്കുറിച്ചറിയിക്കാനും സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാനിത് പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴേ അഭിനന്ദനങ്ങളുമായി നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി. മറ്റൊരു സ്ഥലത്ത് മറ്റൊരു ഹോട്ടലില്‍ ഈ അവസ്ഥ നിങ്ങള്‍ക്കും ഉണ്ടാകാവുന്നതാണ്. അത് ചിലപ്പോള്‍ പാതിരാത്രിയായിരിക്കാം പകലായിരിക്കാം. ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടതിതാണ്. ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുക. ഇത് ചര്‍ച്ചാവിഷയമാക്കുക. എപ്പോഴും സുരക്ഷിതരായിരിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ വീടുകള്‍ക്കുള്ളില്‍ ചടഞ്ഞിരിക്കുന്നവരല്ല, മറിച്ച് ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍ എന്ന് ലോകം അറിയട്ടെ. പുരുഷനോ സത്രീയോ എന്നറിഞ്ഞശേഷമുള്ള ഈ വിവേചനം എന്തിനാണ്’. നൂപുര്‍ പോസ്റ്റില്‍ പറയുന്നു.