ചാത്തന്നൂർ: ഫീസ് നല്‍കാത്തതിന് രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിനിയെ കോളേജ് നടത്തിപ്പുകാരായ ദമ്പതികൾ തല്ലിച്ചതച്ചതായി പരാതി.പാരിപ്പള്ളി കോട്ടക്കേറത്ത് വാടകവീട്ടിൽ കഴിയുന്ന ശ്രീജയുടെ മകളും ബാംഗ്ലൂർ ഫെയ്ത്ത് ഇൻസ്റ്റിറ്റൂട്ട് ഒാഫ് നഴ്സിംഗിലെ രണ്ടാംവർഷ വിദ്യാർഥിനിയുമായ അനുശ്രീക്കാണ് മർദനമേറ്റത്.
കഴിഞ്ഞ വർഷമാണ് അനുശ്രീ കോളേജിൽ ബിഎസ് സി നഴ്സിംഗിന് ചേർന്നത്. ഭൂമിയില്ലാത്തതിനാൽ ബാങ്കുകൾ ലോൺ നല്കാൻ തയാറായില്ലെന്നും അതിനാൽ 29,000രൂപ ഫീസ് കുടിശികയുണ്ടായിരുന്നെന്നും മാതാവ് പറഞ്ഞു.
ഇതിൽ പ്രകോപിതരായാണ് കോളേജ് നടത്തിപ്പുകാരും കൊട്ടാരക്കര സ്വദേശികളുമായ ഡേവിഡ്, ഭാര്യ മിനിഡേവിഡ് എന്നിവർ ചേർന്ന് മുറിയിൽ പൂട്ടിയിട്ട് വിദ്യാർഥിനിയെ ക്രൂരമായി തല്ലിച്ചതക്കുകയും ഷൂസ് കൊണ്ട് വയറ്റിൽ ചവിട്ടുകയും ചെയ്തതായാണ് പരാതി.
ആക്രമണത്തിൽ വിദ്യാർഥിയുടെ കൈകാലുകൾക്കും തലക്കും സാരമായി പരിക്കേറ്റു.
സഹപാഠികൾ അറിയിച്ചതനുസരിച്ച് കഴിഞ്ഞ നാലിന് മാതാവ് ശ്രീജ മകളെ നാട്ടിലെത്തിച്ച് പാരിപ്പള്ളി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.
പീഡനത്തിനെതിരെ പരാതിയില്ലെന്ന് എഴുതി നല്കാൻ കോളേജ് അധികൃതർ നിർബന്ധിച്ചെങ്കിലും മാതാവ് വഴങ്ങിയില്ല. ഇത് സംബന്ധിച്ച് ഡേവിഡിനും മിനി ഡേവിഡിനുമെതിരെ കേസെടുത്ത് ബാംഗ്ലൂർ പോലീസിന് കൈമാറിയതായി പാരിപ്പള്ളി അഡി.എസ്ഐ ഗിരീശൻ അറിയിച്ചു.