ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശീലന നഴ്സിനെ ഡോക്ടർ അപമാനിച്ചെന്ന പരാതിയെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായില്ല. ആരോപണ വിധേയനായ ഡോക്ടറുടെ മൊഴി പോലും ഇതുവരെ രേഖപ്പെടുത്താനായില്ല.
കഴിഞ്ഞ 11 ന് സർജറി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് മുഴുവൻ സർവീസ് സംഘടനകളും നഴ്സിംഗ് സംഘടനകളുടെ നേതൃത്വത്തിൽ ജോലി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു.ഇതേത്തുടർന്ന് ആരോഗ്യ വിദ്യാഭ്യാസവകുപ്പ് അധികൃതർ ഇടപെടുകയും ഡോക്ടറെ സ്ഥലം മാറ്റുകയും ചെയ്തു.
മൂന്നു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നായിരുന്നു സർക്കാരും കോളജ് അധികൃതരും അറിയിച്ചിരിന്നുത്. ഇതിനായി കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.ശോഭനയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തയില്ല.
അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുന്നതിനുള്ള നോട്ടീസ് പോലും ഇതുവരെ ഡോക്ടർക്ക് നൽകിയിട്ടില്ലെന്നാണ് അധികൃതരില്‍ നിന്ന് അറിയാൻ കഴിഞ്ഞത്. ഇതിനിടെ നഴ്സിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.കഴിഞ്ഞ 11 ന് സർജറി ഐസിയുവിൽ വച്ച് വയറിന് ശസ്ത്രക്രിയ കഴിഞ്ഞ ഒരു രോഗിയുടെ കാലിൽ ഗ്ളൂക്കോ മീറ്റർ അടങ്ങിയ ട്രേ നഴ്സ് വച്ചതിന്റെ പേരിൽ വകുപ്പ് മേധാവി ഡോ.ജോണ്‍ എസ് കുര്യൻ രോഗിയില്ലാതിരുന്ന ഒരു കട്ടിലിൽ നഴ്സിനെ കിടത്തിയശേഷം കാലിൽ ഇതേ ട്രേ വച്ച് ശിക്ഷ നൽകി.
ഇതിൽ പ്രതിഷേധിച്ച് സംഘടനകൾ സമരം ചെയ്തിരുന്നതിന്റെ പേരിൽ അന്നു തന്നെ ഡോക്ടറെ സ്ഥലം മാറ്റി ഉത്തരവ് ഇറക്കുകയായിരുന്നു.