മെഡിക്കല്‍കോളജ്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ബന്ധുക്കള്‍ അറിയാതെ ബില്ല് കടയില്‍ തിരികെക്കൊടുത്ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് മെയില്‍ നഴ്സുമാര്‍ അറസ്റ്റില്‍.
കൊല്ലം ആയിരക്കുഴി സ്വദേശി വൈ.ആര്. ഷമീര്‍ (29), ഊരൂട്ടമ്പലം മന്നടിക്കോണം സ്വദേശി ബിവിന്‍ എസ്. ലാല്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
മകനുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ കട്ടൈക്കോണം സ്വദേശിനി ബേബി (50) ക്ക് വീഴ്ചയില്‍ പരിക്കേറ്റിരുന്നു. കാര്യവട്ടത്തുവച്ചായിരുന്നു അപകടമുണ്ടായത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അത്യാവശ്യമായി ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടര്‍ അറിയിച്ചതിനെ തുടർന്ന് ആവശ്യമായ മരുന്ന് വാങ്ങാന്‍ ബന്ധുക്കള്‍ മെഡിക്കൽ കോളജ് കാമ്പസിനുള്ളിലെ ഒരു മെഡിക്കല്സ്റ്റോറിലെത്തി.
ഇവിടെനിന്ന് 10,793 രൂപയുടെ മരുന്നും അതിന്റെ ബില്ലും വാങ്ങി. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സായ ഷമീറിനെ മരുന്ന് ഏല്‍പ്പിച്ചപ്പോള്‍ ബില്‍കൂടി നല്കാന് ആവശ്യപ്പെട്ടു. ബില്ലിന്റെ ഡ്യൂപ്ലിക്കേറ്റ് ആവശ്യപ്പെട്ട് ബന്ധുക്കള്‍ അതേ മെഡിക്കല്‍സ്റ്റോറില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്.
ബേബിക്കുവേണ്ടി ബന്ധുക്കള്‍ വാങ്ങി ജീവനക്കാര്‍ക്കു നല്കിയ മരുന്നും അതിനൊപ്പമുള്ള ബില്ലും തിരികെ മെഡിക്കല്‍സ്റ്റോറില്‍ രണ്ട് ജീവനക്കാര്‍ എത്തിച്ചുവെന്നും എന്നിട്ടും പണവുമായി പോയി എന്നും സ്റ്റോറുകാര്‍ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതും തട്ടിപ്പുനടത്തിയതായി സമ്മതിച്ചതും. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്. മെഡിക്കല്‍കോളജ് എസ്ഐ ആര്.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ജീവനക്കാരെ സസ്പെൻഡ് ചെയ്തു
മെഡിക്കല്‍കോളജ്: പണം തട്ടിയ സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു. ജീവനക്കാര്‍ മരുന്നിന്റെ തുക സ്റ്റോറില്‍ നിന്നു വാങ്ങിയതായി രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.