കായംകുളം : കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിടയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.
പ്രധാനമായും മോഷണ സംഘങ്ങളെ യും സി സി ടി വി നിരീക്ഷണ ക്യാമറകളും കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ആക്രമണത്തിനിടയിൽ അക്രമി സംഘം ആരോഗ്യ പ്രവർത്തകയോട് ആഭരണങ്ങൾ ആവശ്യപ്പെട്ടിരുന്നു.അതിനാലാണ് മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നത്..
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു.പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി കെ ബീന കുമാരി ആവശ്യപ്പെട്ടു.
സംഭവത്തിൽ പോലീസ് പറയുന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ സുബിന പതിവായി ഡ്യൂട്ടി കഴിഞ്ഞ് തനിച്ച് സ്കൂട്ടറിലാണ് വീട്ടിലേക്ക് പോകുന്നത്. പതിവ് പോലെ കഴിഞ്ഞദിവസം രാത്രി 11മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് 17കിലോമീറ്റർ അകലെയുള്ള പാനൂരിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു.
ദേശീയപാതയിൽ നിന്ന് തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിൽ പ്രവേശിച്ച സുബിനയെ ബൈക്കിൽ രണ്ട് പേർ പിന്തുടർന്നു. പല്ലന കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം എത്തിയപ്പോൾ അക്രമിസംഘം സ്കൂട്ടറിന് മുന്നിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയ ശേഷം സുബിനയുടെ സ്കൂട്ടർ തടയാൻ ശ്രമിച്ചു.
ഇതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു . സ്കൂട്ടറിൽ നിന്ന് ഇറങ്ങിയപ്പോൾ കഴുത്തിൽ മാലയുണ്ടോയെന്ന് സുബിനയോട് അക്രമിസംഘം ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് യുവതിയുടെ തലക്ക് അടിക്കുകയായിരുന്നു.
തുടർന്ന് യുവതിയെ ബൈക്കിൽ കയറ്റാൻ അക്രമിസംഘം ശ്രമിച്ചു. കുതറിയോടിയ യുവതി സമീപത്തെ വീടിന് സമീപത്തേക്ക് ഓടിപ്പോയി. ഈ സമയം തൃക്കുന്നപ്പുഴയിൽ നിന്ന് വന്ന പോലീസ് പെട്രോളിംഗ് വാഹനത്തിന്റെ വെളിച്ചം കണ്ട അക്രമിസംഘം രക്ഷപ്പെട്ടു.
പൊലീസ് സംഘം തോട്ടപ്പള്ളിയിലേക്ക് പോകുപ്പോൾ ഒരു യുവതി സ്കൂട്ടറിലും ഇവർക്ക് പിന്നാലെ അമ്പത് മീ റ്റർ പിന്നിലായി ബൈക്കിൽ രണ്ടുപേരും പോകുന്നത് കണ്ടിരുന്നു. രാത്രിയിൽ ബന്ധുവീട്ടിൽ പോയി മടങ്ങിയ സംഘമെന്ന് കരുതി പൊലീസ് ഇവരെ പരിശോധിച്ചതുമില്ല.
വൈദ്യുത പോസ്റ്റിന് സമീപം സ്കൂട്ടർ ചാരിയ നിലയിൽ കണ്ടതിനെ തുടർന്ന് പൊലീസ് വാഹനം നിർത്തി. ഈ സമയം സുബിന പൊലീസ് സംഘത്തിനടുത്തെത്തി കാര്യങ്ങൾ വിവരിച്ചു. ഭയന്നു വിറച്ച യുവതിക്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്നവർ വെള്ളം കൊടുത്തു.
ഇതിനിടെ രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് സുബിനയുടെ ബന്ധുക്കൾ വിവരമറിഞ്ഞെത്തി. ഭയന്ന് വിറച്ച സുബിനയുടെ മാനസിക നിലതെറ്റിയ അവസ്ഥയിലായി. ബന്ധുക്കൾ വന്ന വാഹനത്തിൽ സുബിനയെ കയറ്റി വിട്ടു.
പരിക്കേറ്റതിനാൽ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബന്ധുക്കൾ പ്രവേശിപ്പിച്ചു . അക്രമികളെ ഉടൻ പിടികൂടുമെന്ന് തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചു.
പോലീസിനെതിരെ ബന്ധുക്കളുടെ പരാതി
പോലീസിന്റെ കൺമുമ്പിൽ വെച്ച് അക്രമം നടന്നിട്ടും കൃത്യമായി ഇടപെട്ടില്ലെന്ന് സുബിനയുടെ ഭർത്താവ് നവാസ് ആരോപിച്ചു.സംഭവ സമയത്ത് തന്നെ കേസെടുത്ത് അന്വേഷണം ആരംഭിക്കാതെ ബന്ധുക്കൾക്കൊപ്പം സുബിനയെ വീട്ടിലേക്ക് അയച്ചതിനെതിരെ വീഴ്ച ആണെന്നാണ് ആരോപണം.
സംഭവത്തിൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് രമേശ് ചെന്നിത്തല എം.എൽ.എയും ആരോപിച്ചു. പ്രതികളെ ഉടൻ തന്നെ പിടികൂടുന്നതിൽ വീഴ്ച ഉണ്ടായി. ഇക്കാര്യത്തിൽ ഡി.ജി.പിക്ക് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു