ജോബി ബേബി
ആതുര സേവനത്തിലൂടെ മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ചവയ്ക്കുന്ന നഴ്സുമാരുടെ ദിനമാണിന്ന്. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയും വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നയാളുമായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്സ് ദിനമായി ആചരിക്കുന്നത്.
‘സ്നേഹത്തിനു സുഖപ്പെടുത്താനാവാത്തതും ഒരു നഴ്സിന് സുഖപ്പെടുത്താൻ കഴിയും’ എന്നൊരു ചൊല്ലുണ്ട്. ജീവിതത്തിൽ ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.
ഏറ്റവും പ്രിയപ്പെട്ടരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവിതസന്ധികളെ നേരിടാൻ ചിലപ്പോൾ അവരാണു തുണയാവുക. അങ്ങനെയാണു സ്നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളിൽ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് നഴ്സുമാർ നമ്മുടെ വേദനകളിൽ സാന്ത്വനമാകുന്നത്.
ചരിത്രത്തിൽ ആദ്യമായി നഴ്സുമാർക്ക് ഒരു ദിനം നീക്കിവയ്ക്കുന്നത് 1953ൽ ആണ്. എന്നാൽ, 1974ലാണ് മേയ് 12 ലോക നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. നഴ്സുമാർ ലോകത്തിന് നൽകിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനാചരണം. അന്തർദേശീയ നഴ്സിംഗ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ നേഴ്സസ് ഡേ കിറ്റ് തയ്യാറാക്കി എല്ലാ വർഷവും ഈ ദിനത്തിൽ വിതരണം ചെയ്യുന്നുണ്ട്.
എല്ലാവർക്കും ആരോഗ്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച 17 സുസ്ഥിരവികസനലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ വർഷത്തെ നഴ്സസ് ദിനാഘോഷം. ദാരിദ്ര്യനിർമാർജനം, പട്ടിണിയില്ലായ്മ, സമത്വം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മാന്യമായ തൊഴിൽ, നല്ല ആരോഗ്യം, സ്ത്രീ-പുരുഷസമത്വം, ലക്ഷ്യത്തിലേക്കുള്ള കൂട്ടായ പ്രവർത്തനം തുടങ്ങിയവ ഇവയിൽ ചിലതാണ്.
ആശുപത്രിയിൽ മാത്രം ഒതുങ്ങുന്നതല്ല നഴ്സുമാരുടെ പ്രവർത്തനമേഖല. സ്കൂൾ, ഹെൽത്ത്, കമ്യൂണിറ്റി ഹെൽത്ത് എന്നീ മേഖലകളിൽ പ്രവർത്തനങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി നഴ്സുമാർ സമൂഹവുമായി ആഴമേറിയ ഒരു ബന്ധം സ്ഥാപിച്ചെടുക്കണം.
90% രോഗങ്ങളും ആരോഗ്യബോധവത്കരണത്തിലൂടെ തടയാമെന്നു ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ വിദ്യാഭ്യാസം സമൂഹത്തിന്റെ ആവശ്യമനുസരിച്ച് പ്രത്യേകിച്ച് സാംക്രമികരോഗങ്ങൾ, മഴക്കാലരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണ സെമിനാറുകളും ക്യാമ്പുകളും സന്നദ്ധസംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കേണ്ടതുണ്ട്.
സ്കൂൾ ഹെൽത്ത് വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖലയാണ്. കുട്ടികളുടെ മുൻകൂട്ടിയുള്ള രോഗനിർണയവും ചികിത്സയും രാജ്യത്തിന്റെ തന്നെ ആരോഗ്യ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. അതുപോലെ സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടി പോഷകാഹാരക്കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദേശീയാരോഗ്യപദ്ധതികളുടെ നടപ്പാക്കലിന് നഴ്സുമാർ വളരെ വലിയ പങ്കുവഹിക്കുന്നു. ആരോഗ്യമേഖലയിലെ ഏറ്റവും വലിയ തൊഴിൽമേഖലയാണ് നഴ്സിംഗ്. നഴ്സുമാർ 365 ദിവസവും 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു ജനവിഭാഗമാണ്. രോഗപ്രതിരോധത്തിനും രോഗീപരിപാലനത്തിനും ആരോഗ്യപുനരധിവാസത്തിനും സാന്ത്വനചികിത്സയ്ക്കും നഴ്സുമാരുടെ പങ്ക് വളരെ വലുതാണ്.
ലോകത്തെവിടെയായാലും ആതുരശ്രുശ്രൂഷാ രംഗത്തുളള മലയാളി നഴ്സുമാരുടെ സേവനം സ്തുത്യര്‍ഹമാണ്. ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതിൽ നമുക്ക് അഭിമാനിക്കാം.
ഭൂമിയിലെ മാലാഖമാർ തന്നെയാണ് നഴ്സുമാർ. പലപ്പോഴും അവരുടെ സേവനത്തിന്റെ പ്രാധാന്യം പൊതുസമൂഹം തിരിച്ചറിയാതെ പോകുന്നു. ഇത് ഓർമിക്കാനും അംഗീകരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ നഴ്സസ് ദിനവും.