ഗാന്ധിനഗര്‍: കോവിഡ് രോഗികളെ പരിചരിക്കുന്നതിന്റെ പേരില്‍ വീട്ടില്‍ പോകാന്‍ കഴിയാതെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ച് നഴ്സിംഗ് ഡ്യൂട്ടി ചെയ്ത് ദമ്പതികള്‍.
കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് ദമ്പതികളായ പാമ്പാടി മീനടം മോസ്കോ ഉഴത്തില്‍ അയ്യപ്പദാസ് ഭാര്യ മിലു വി. ലാല്‍ എന്നിവർക്കാണ് കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായത്.
ദമ്പതികള്‍ക്ക് നാലു വയസുള്ള നിള ദാസ് എന്ന മകളും, അയ്യപ്പദാസിന്റെ പ്രായമുള്ള മാതാപിതാക്കളും വീട്ടിലുണ്ട്. കുട്ടിയെ അയ്യപ്പദാസിന്റെ രക്ഷിതാക്കളെ ഏല്പിച്ച ശേഷമാണ് കോവിഡ് ഡ്യൂട്ടി ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യ കോവിഡ് രോഗി എത്തുന്നത്. പിന്നീട് കോവിഡ് ഡ്യൂട്ടി വന്നതോടെ അയ്യപ്പദാസ് വാര്‍ഡുകളിലും മിലു, അത്യാഹിത വിഭാഗത്തിലെ മഞ്ഞ വിഭാഗത്തിലുമായി ഡ്യൂട്ടി ഏറ്റെടുത്തു.
കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ബുദ്ധിമുട്ടായതിനാല്‍ കോട്ടയം ടൗണില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. കഴിഞ്ഞ മാര്‍ച്ചോടെ കോവിഡിന്റെ രൂക്ഷത കുറഞ്ഞതിനാലും, സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനാലും ഫ്ളാറ്റു വിട്ടു.
എന്നാല്‍ ഏപ്രില്‍ രണ്ടാം വാരമായതോടെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി ഇതോടെ വീണ്ടും കോവിഡ് ഡ്യൂട്ടിയിലായി ഇരുവരും.
ഇനി വാടകയ്ക്ക് താമസിക്കാന്‍ വയ്യാത്തതിനാല്‍ വരുന്നത് വരട്ടെയെന്ന ആത്മവിശ്വാസത്തില്‍ ഡ്യൂട്ടി ചെയ്യുകയാണ് നഴ്സിംഗ് ദിനത്തിലും ഈ യുവ നഴ്സ് ദമ്പതികള്‍.