രോഗലക്ഷണമില്ലാതെ രോഗബാധിതരാവുന്ന കോവിഡ് രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്.
ഇതിനിടെ കോവിഡ് ബാധിച്ച് ജര്മനിയില് അങ്കമാലി സ്വദേശിയായ നഴ്സ് മരിച്ച സംഭവം ആശങ്കയേറ്റുകയാണ്.
രോഗലക്ഷണങ്ങള് കാണിച്ച ശേഷവും ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് ബന്ധുക്കള് പറയുന്നത്. മൂക്കന്നൂര് പാലിമറ്റം പ്രിന്സി സേവ്യര് (54) ആണ് കൊളോണില് കോവിഡ് ബാധിതയായി മരിച്ചത്.
ഇവരെ നേരത്തെ രണ്ടു കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു ഫലം. അതേസമയം പനിയും ചുമയുമടക്കം കോവിഡിന്റെ ലക്ഷണങ്ങള് ഉണ്ടായിരുന്നു.
മൂന്നാഴ്ച ആശുപത്രിയില് ചികിത്സയില് കഴിഞ്ഞ ശേഷമായിരുന്നു മരണം. മൂന്നാമത്തെ പരിശോധനയിലാണ് രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനായതെന്നും ബന്ധുക്കള് പറയുന്നു.
ജര്മനിയിലെ കൊളോണില് വൃദ്ധസദനത്തില് നഴ്സായി ജോലി ചെയ്തിരുന്നിടത്തു നിന്നാണ് രോഗം പകര്ന്നതെന്നാണ് കരുതുന്നത്.
ഇവിടെ രോഗം ബാധിച്ച ആളുകളെ ശുശ്രൂഷിച്ചിരുന്നു. രോഗലക്ഷണങ്ങള് കണ്ടതോടെ ജോലിക്കു പോകുന്നത് നിര്ത്തുകയും പരിശോധനകള് നടത്തുകയുമായിരുന്നു.
രോഗം മൂര്ച്ഛിച്ചതിനെത്തുടര്ന്ന് ഐസിയുവില് പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഇവര് ബന്ധുക്കളെ വിളിച്ച് സംസാരിച്ചിരുന്നു.
ഭര്ത്താവ് വെട്ടിത്തുരുത്ത് കാര്ത്തികപ്പിള്ളില് സേവ്യര് ജര്മനിയില് തന്നെയാണുള്ളത്. മൃതദേഹം അവിടെത്തന്നെ സംസ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മകള് ആതിര ലണ്ടനിലാണ്.